satyan

തിരുവനന്തപുരം: അമ്പതു വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ചൊവ്വ. അനശ്വര നടൻ സത്യന്റെ പാളയം എൽ.എം.എസ്. പള്ളിയിലെ സ്മൃതി മണ്ഡപത്തിൽ മക്കളായ സതീഷ് സത്യനും ജീവൻ സത്യനും മറ്റ് കുടുംബാംഗങ്ങളും അശ്രുപുഷ്പങ്ങളർപ്പിക്കുമ്പോൾ ഓർമ്മകൾ മഴയായി പെയ്തിറങ്ങി. മഴയുടെ ഈർപ്പം നിറഞ്ഞ ഒരു ചൊവ്വാഴ്ചയായിരുന്നു സത്യൻ വിടപറഞ്ഞത്.

'ക്ഷീണമാണ്, കുറച്ചൊന്നുറങ്ങട്ടെ' എന്നാണ് ലൊക്കേഷനിൽനിന്ന് ആശുപത്രിയിലെത്തിയ സത്യൻ മക്കളോടും അടുത്ത സുഹൃത്തുക്കളോടും പറഞ്ഞത്. ആ ഉറക്കത്തിൽനിന്ന് അദ്ദേഹം മിഴി തുറന്നില്ല.

അന്ത്യവിശ്രമസ്ഥലത്ത് ഇന്നലെ നിരവധി പേർ പുഷ്പങ്ങളർപ്പിക്കാനെത്തി.

സത്യൻ സ്മാരകത്തിനു വേണ്ടി കേരള കൾച്ചറൽ ഫോറം പ്രസിഡന്റ് ഷാജി വിൽസൻ, ജനറൽ സെക്രട്ടറി പി.വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. സത്യൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്മൃതികുടീരത്തിൽ പ്രാർത്ഥന നടത്തി.

കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. യഥാർത്ഥ ജീവിതത്തിലെന്നപോലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജനപ്രിയ നടനാണ് സത്യനെന്ന് മന്ത്രി പറഞ്ഞു.
വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ആസ്വാദക വൃന്ദത്തെ സൃഷ്ടിച്ച നടനാണ് സത്യനെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അനുസ്മരിച്ചു. കൾച്ചറൽ ഫോറം പ്രസിഡന്റ് ഷാജി വിൽസൻ അദ്ധ്യക്ഷത വഹിച്ചു. പി.വിജയൻ, ജെ.സ്റ്റാലിൻ, കെ.ജയചന്ദ്രൻ, ജോൺ മനോഹർ, എസ്.കെ.വിജയകുമാർ, ജസ്റ്റിൻ ലൂയിസ് എന്നിവർ പ്രസംഗിച്ചു. സത്യൻ ഫൗണ്ടേഷന്റെ അനുസ്മരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ബാലൻ, നടൻ മധു, സംവിധായകൻ കെ.എസ്. സേതുമാധവൻ എന്നിവർ പങ്കെടുത്തു.