road

പാറശാല: അടിയന്തര പ്രാധാന്യമുള്ള റോഡിലെ അപകടക്കുഴികൾ അടയ്ക്കാൻ അധികൃതർക്ക് ഫണ്ട് ഇല്ലെന്ന് പറയുമ്പോൾ തീരെ അത്യാവശ്യമല്ലാത്ത ആഡംബര പണികൾക്കാകട്ടെ ഫണ്ട് വേണ്ടുവോളം. കരമന കളിയിക്കാവിള ദേശീയ പാതയിൽ ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള റോഡിലാണ് അവിടവിടെയായി ടാറും മെറ്റലും ഇളകി അപകടക്കുഴികൾ നിറഞ്ഞ നിലയിലായത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്ത റോഡിൽ രൂപപ്പെട്ട അപകടക്കുഴികളിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നതിനായി ഒന്ന് രണ്ട് തവണ തട്ടിക്കൂട്ട് ടാറിംഗ് നടത്തി എന്നല്ലാതെ കാര്യമായ മെയിന്റനൻസ് പണികളോ യാതൊന്നും തന്നെ നടത്തിയിട്ടില്ല. രാജപാതയായിരുന്ന ദേശീയപാത കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലായിരുന്നപ്പോൾ കൃത്യമായി പരിപാലിച്ച് വന്നിരുന്നതാണ്. എന്നാൽ റോഡിന്റെ വശങ്ങളിലായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ മദ്യവില്പന ശാലകളെയും ബാറുകളെയും കോടതി ഉത്തരവിൽ നിന്നും സംരക്ഷിക്കുന്നതിനായി റോഡിനെ തരംതാഴ്ത്തി സ്റ്റേറ്റ് ഹൈവേ ആക്കി മാറ്റുകയാണ് ചെയ്തത്. തരം താഴ്ത്തിയതോടെ റോഡിന്റെ സംരക്ഷണം സംസ്ഥാന സർക്കാരിന്റെ ചുമതലയായും മാറി. ഇതിനുശേഷം റോഡിന്റെ ശോചനീയാവസ്ഥയും തുടങ്ങി.

ജീവൻ പണയംവച്ച് യാത്ര

ബാലരാമപുരം മുതൽ വഴിമുക്ക് വരെ നാലുവരി പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് ഉടൻ തുടങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും വഴിമുക്ക് മുതൽ സംസ്ഥാന അതിർത്തിയായ കളിയിക്കാവിള വരെയുള്ള റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭജോലികൾ പോലും നടന്നിട്ടില്ല. നാലുവരിപ്പാതയുടെ നിർമ്മാണമാണ് ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള റോഡിന്റെ അറ്റകുറ്റപണികൾ നാടത്താനുള്ള തടസമായി ബന്ധപ്പെട്ടവർ പറയുന്നത്. നടപടി തുടരുന്ന കളിയിക്കാവിള മുതൽ ബാലരാമപുരം വരെ വാഹനയാത്രക്കാർ ജീവൻ പണയംവച്ച് വേണം തുടരേണ്ടി വരിക.

റോഡ് മോടികൂട്ടി, കുഴികൾ അതുപോലെ

യാത്രക്കാർക്ക് അത്യാവശ്യമായ റോഡ് ടാറിംഗ് ചെയ്യുന്നതിന് പകരം അനാവശ്യമായി ആഡംബര പണികൾ ചെയ്യാൻ കോടികൾ ചെലവാക്കുന്നതായും പരാതി ഉയരുന്നുണ്ട്. റോഡിന് ഇരുവശവും ഇന്റർലോക്ക് പാകാനും തെർമോപ്ലാസ്റ്റിക് പെയിന്റ് കൊണ്ട് റോഡിൽ വരയിടാനുമാണ് അധികൃതരുടെ താത്പര്യം. നെയ്യാറ്റിൻകര മുതൽ കളിയിക്കാവിള വരെ റോഡിലെ കുഴികൾക്ക് മുകളിലൂടെ വരയിടുന്ന പണികളും, റോഡിന് ഇരുവശത്തും ഇന്റർലോക്ക് പതിക്കുന്ന പണികളും പുരോഗമിക്കുകയാണ്.

പ്രതികരണം: റോഡിൽ വരിയിടുന്നതിനും ഇരുവശത്തും ഇന്റർ ലോക്ക് പതിച്ച് മോടിപിടിപ്പിക്കുന്നതിനും മുൻപായി റോഡിലൂടെ വാഹനങ്ങളിൽ യാത്രചെയ്യുന്ന ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിട്ടുള്ള അപകടക്കുഴികൾ അടയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം.

ടി.കെ.അനിൽകുമാർ, പൗരസമിതി, പാറശാല.

ഫോട്ടോ: അപകടക്കുഴികൾ നിറഞ്ഞ റോഡിലെ കുഴികൾ അടയ്ക്കാതെ തെർമോപ്ലാസ്റ്റിക് പെയിന്റ് കൊണ്ട് വര ഇട്ടതിനെ തുടർന്ന് ഇരുവശത്തും ഇന്റർ ലോക്ക് പാകിമോഡി പിടിപ്പിക്കുന്ന പണികൾ പുരോഗമിക്കുന്നു.