തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് മൂന്നാം തരംഗ ഊർജ്ജിത പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും പേരൂർക്കട ജില്ലാ ആശുപ്രതിയിൽ നിർമ്മിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ ധാരണാപത്രം ഏറ്റുവാങ്ങലും ജില്ലാ പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും സ്ഥാപിച്ച 506 കിലോ വാട്ട് സൗരോർജ്ജ പ്ലാന്റുകളുടെ പ്രവർത്തനോദ്ഘാടനവും മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് 1000 എൽ.പി.എം കപ്പാസിറ്റിയുള്ള ഓക്സിജൻ പ്ലാന്റാണ് പേരൂർക്കട ജില്ലാ ആശുപ്രതിയിൽ നിർമ്മിക്കുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത എസ്, വി.ആർ. സലൂജ, എം. ജലീൽ, വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ആൻസജിത റസൽ, സെക്രട്ടറി ഡി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൾസ് ഓക്സിമീറ്റർ വാങ്ങുന്നതിന് 4,75,000 രൂപ കുടുംബശ്രീ ഭാരവാഹികൾ ജില്ലാപഞ്ചായത്തിന് കൈമാറി.