general

പാറശാല: ഉദിയൻകുളങ്ങര - പൊഴിയൂർ റോഡിൽ കൊച്ചോട്ടുകോണം ജംഗ്ഷന് സമീപത്തായി റോഡ് വക്കിലെ ഉണങ്ങിയ മരം നാട്ടുകാർക്ക് ഭീഷണിയാകുന്നു. റോഡിനോട് ചേർന്ന് ഉണങ്ങി കരിഞ്ഞ നിലയിൽ നിൽക്കുന്ന രണ്ട് മീറ്ററിലധികം ചുറ്റളവുള്ള കൂറ്റൻ ആഞ്ഞിൽ മരം ഏതു സമയത്തും കടപുഴകി വീഴാം. മഴയിലും കാറ്റിലും ഇതുവഴി കടന്ന് പോകുന്ന വാഹന യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി മാറിയിട്ടുണ്ട്. ഉണങ്ങി കരിഞ്ഞ ആഞ്ഞിലിക്ക് സമീപത്ത് കൂടെ വൈദ്യുതി ലൈൻ കടന്നു പോകുന്നത് അപകടം ഉണ്ടായാൽ കൂടുതൽ ഭീഷണിക്കും കാരണമായിട്ടുണ്ട്. മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പല പ്രാവശ്യവും പഞ്ചായത്ത്, പി.ഡബ്ലു.ഡി, റവന്യു അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഫോട്ടോ: നാട്ടുകാർക്ക് ഭീഷണിയായി ഉദിയൻകുളങ്ങര - പൊഴിയൂർ റോഡിൽ കൊച്ചോട്ടുകോണം ജംഗ്ഷന് സമീപത്തായി റോഡ് വക്കിലെ ഉണങ്ങിയ മരം.