തിരുവനന്തപുരം: കവടിയാർ ഗോൾഫ് ക്ലബിലെ പുൽത്തകിടികൾ നനയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളം ദുർഗന്ധം പരത്തുന്നു എന്ന ആരോപണവുമായി പ്രദേശവാസികൾ. പുൽത്തകിടികൾ നനയ്ക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധം അസഹ്യമാണെന്നും വെള്ളം അംഗീകൃത ലാബിൽ പരിശോധിച്ച് അനാരോഗ്യകരമല്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

ഹിന്ദുസ്ഥാൻ ലാറ്റക്സിലെ ഇൻഡസ്ട്രിയൽ മലിന്യം അടങ്ങിയ ജലം അവിടെത്തന്നെ ശുദ്ധീകരിച്ച് സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ കീഴിലുള്ള ഗോൾഫ് ക്ലബിലെ അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള വലിയ ഭൂഗർഭ ടാങ്കിൽ നിറച്ചാണ് പുൽത്തകിടികൾ നനയ്ക്കുന്നത്. അടുത്തിടെയാണ് ഈ പദ്ധതി ആരംഭിച്ചത്. വെള്ളത്തിൽ അമോണിയയുടെ അംശം ഉണ്ടായേക്കാമെന്ന് ഹിന്ദുസ്ഥാൻ ലാറ്റക്സ് പറഞ്ഞിട്ടുണ്ട്. ശുദ്ധീകരിച്ച ജലത്തിലും അമോണിയയുടെ അംശം ഉണ്ടോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രാസവസ്തുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ പരിശോധന വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കൂടാതെ ഈ ടാങ്ക് പ്രവർത്തനക്ഷമമായതോടെ പരിസരത്തെ വീടുകളിൽ കൊതുകുശല്യം അനിയന്ത്രിതമായി വർദ്ധിച്ചതായും നാട്ടുകാർ പറയുന്നു. ഭൂഗർഭ ടാങ്കിന്റെ നാല് വശത്തേയും ജനാലകൾ തുറന്നുകിടക്കുന്നതും ടാങ്കിന്റെ മൂടിയുടെ ഭാഗങ്ങൾ കൃത്യമായി അടയ്ക്കാത്തതുമാണ് കൊതുക് ശല്യത്തിന് കാരണമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. വിഷയത്തെപ്പറ്രി വാർഡ് കൗൺസിലർക്കും എം.എൽ.എക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് രോഗവ്യാപനമുണ്ടാകുമോയെന്ന പേടിയിലാണ് നാട്ടുകാർ. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെട്ടു.

'നാട്ടുകാരുടെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാനായി കോ‌ർപറേഷന് കൈമാറിയിട്ടുണ്ട്.'

- വി.കെ. പ്രശാന്ത്, എം.എൽ.എ