തിരുവനന്തപുരം: കേരളത്തിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാരുടെ ഓൺലൈൻ സംഗമോത്സവം ഇന്ന് സമാപിക്കും. ബംഗാൾ, മഹാരാഷ്ട്ര, തെലുങ്ക്, കന്നട, ഒറിയ, തമിഴ്, അസാം എന്നിവയുടെ തനത് കലാരൂപ അവതരണമാണ് അഞ്ച് ദിനങ്ങളിലായി നടന്നത്. ഇന്ന് രാത്രി 7.30ന് മന്ത്രി വി. ശിവൻകുട്ടി സമാപന സമ്മേളത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ഫെസ്റ്റിവൽ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും. വി. മധുസൂദനൻ നായർ, ഡോ. ജോർജ് ഓണക്കൂർ, ഡോ. കെ. ഓമനക്കുട്ടി തുടങ്ങിയവർ ആശംസകളർപ്പിക്കും. രാത്രി 7.30 മുതൽ 8.30 വരെ ഭാരത് ഭവന്റെയും ബഹുഭാഷാ അസോസിയേഷനുകളുടെയും ഫേസ്ബുക്ക് പേജുകളിൽ തത്സമയം ലഭ്യമാകും.