സിംഹങ്ങളിലെ രാജാവായി അറിയപ്പെട്ടിരുന്ന കെനിയയിലെ മാസായി മാര നാഷണൽ പാർക്കിന്റെ തലയെടുപ്പായിരുന്ന ' സ്‌കാർഫേസ് " എന്ന സിംഹം വിടവാങ്ങി. വലത് കണ്ണിലെ മുറിപ്പാടിന്റെ പേരിലാണ് 14 വയസുള്ള സ്‌കാർഫേസ് ലോകപ്രശസ്തനായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്‌കാർഫേസ് വിടവാങ്ങിയത്.
പാർക്കിൽ ആരുടെയും ശല്യമില്ലാതെ സമാധാന പൂർണമായ സ്‌കാർഫേസിന്റെ അന്ത്യനിമിഷങ്ങളുടെ വീഡിയോ അധികൃതർ പുറത്തുവിട്ടിരുന്നു. മാസായി മാരയുടെ ചരിത്രത്തിൽ സ്‌കാർഫേസിനോളം പ്രശസ്തനായ മറ്റൊരു സിംഹം ഇല്ലെന്ന് തന്നെ പറയാം. ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാരുടെയും വന്യജീവി സ്നേഹികളുടെയും പ്രിയങ്കരനായിരുന്നു സ്‌കാർഫേസ്.
കണ്ണിൽ ആഴമേറിയ മുറിവേറ്റിട്ടു പോലും ഒട്ടും തീഷ്ണത വറ്റാത്ത ശൗര്യതയോടെയുള്ള സ്‌കാർഫേസിന്റെ നോട്ടവും ഗാംഭീര്യവും ഭയപ്പെടുത്തുന്ന രൂപവും എന്നും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. ഏകദേശം 10 മുതൽ 15 വർഷം വരെയാണ് സിംഹങ്ങളുടെ ശരാശരി ആയുസ്. വാർദ്ധക്യ സഹജമായ അവശതകളാണ് സ്‌കാർഫേസിന്റെ മരണത്തിന് കാരണമായത്. സ്‌കാർഫേസിന് ആദരമർപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കുന്തം കൊണ്ടാണ് സ്‌കാർഫേസിന്റെ കണ്ണിന് പരിക്കേറ്റത്. സ്‌കാർഫേസിനെ ആസ്പദമാക്കി നിരവധി ഡോക്യുമെന്ററികളും ഫീച്ചറുകളും പുറത്തിറങ്ങിയിട്ടുണ്ട്.
സിംഹം, ചീറ്റ, പുള്ളിപ്പുലി, ആഫ്രിക്കൻ ആന തുടങ്ങിയ വന്യജീവികളാൽ സമൃദ്ധമാണ് ആഫ്രിക്കയിലെ ഏറ്റവും മനോഹരമായ വന്യജീവി സംരക്ഷണ കേന്ദ്രമായ മാസായി മാര. ഏകദേശം 600 ഓളം പക്ഷി സ്പീഷിസുകളാണ് ഇവിടെയുള്ളത്. കറുപ്പ്, വെളുപ്പ് നിറത്തിലെ കാണ്ടാമൃഗങ്ങളെയും ഇവിടെ കാണാം.