ഏലൂർ: 'മണി അയ്യർ ദി ഗ്രേറ്റ്'! കല്ലിൽ കൊത്തിവച്ചില്ലെങ്കിലും ഏലൂരുകാരുടെ മനസിൽ പതിഞ്ഞതാണ് മണി അയ്യരും അദ്ദേഹത്തിന്റെ കാന്റീനും. ഉദ്യോഗമണ്ഡലിലെ ഫാക്ട് ഡോർമിറ്ററി അറിയപ്പെടുന്നത് ഇന്നും അദ്ദേഹത്തിന്റെ പേരിലാണ്. 1971 ൽ അയ്യർ കാന്റീൻ നടത്തിപ്പ് നിറുത്തുകയും തുടർന്ന് പലരും നടത്തിപ്പുകാരായി വന്നെങ്കിലും അദ്ദേഹം വിളമ്പിയ രുചിയുടെ മഹത്വമാണ് ഫാക്ടിന്റെ നെടുനീളൻ കെട്ടിടം അയ്യരുടെ സ്മാരകമായി മാറാനിടയാക്കിയത്. ഉദ്ഘാടനവും ആഘോഷവുമില്ലാതെ ജനം നൽകിയ വിശേഷണം.
ചില്ലറക്കാരനല്ല അയ്യർ!
മണി അയ്യർ ആൾ നിസാരക്കാരനല്ല. ജവഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ ഒന്നിച്ച് ഫാക്ട് സന്ദർശിച്ചപ്പോൾ ഭക്ഷണം വിളമ്പിയത് മണി അയ്യരാണ്. എം.കെ.കെ.നായരുമായുള്ള അടുപ്പമാണ് ഗസ്റ്റ് ഹൗസിൽ ആ ചുമതല ഏല്പിക്കാൻ കാരണം. അക്കാലത്തെ പ്രശസ്ത കലാകാരന്മാർ, സാഹിത്യകാരന്മാർ, കായിക താരങ്ങൾ, രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കൾ എല്ലാം അയ്യരുടെ ഭക്ഷണത്തിന്റെ രുചി ആസ്വദിച്ചവരാണ്. ഫാക്ട്, ഐ.ആർ.ഇ ,എച്ച്.ഐ.എൽ , ടി.സി.സി, ഒഗേല ഗ്ലാസ് ഫാക്ടറി എന്നീ സ്ഥാപനങ്ങളിലെ കാന്റീനുകൾ ഒരേ സമയം നടത്തി പ്രശംസ പിടിച്ചുപറ്റിയതാണ് മണി അയ്യർ. അഞ്ഞൂറോളം പേർക്ക് അര മണിക്കൂറിനുള്ളിൽ ഭക്ഷണം കൊടുക്കണം. അറുപതോളം ജീവനക്കാരാണ് കാന്റീനിൽ ജോലി ചെയ്തിരുന്നത്. ചില സെമിനാറുകളിലും മാനേജ്മെന്റ് ക്ലാസുകളിലും എം.കെ.കെ. നായർ, അയ്യരുടെ മാനേജുമെന്റ് വൈദഗ്ധ്യം പരാമർശിക്കാറുണ്ടായിരുന്നു.
പെരുമ്പാവൂർ , കുറുപ്പുംപടി, ആലുവ പ്രദേശങ്ങളിൽ നിന്ന് പലവ്യഞ്ജനവും പച്ചക്കറികളും ഇടമുള കടത്തു വഴിയാണ് എത്തിച്ചിരുന്നത്.തിരുവനന്തപുരത്തുകാരൻ ശങ്കർ എന്ന പാചക വിദഗ്ധന്റെ പങ്കും എടുത്തു പറയേണ്ടതാണ്. സ്വന്തക്കാരും വിശ്വസ്ഥരുമായ രാമ അയ്യരും ഗണപതിയും ഇടവും വലവും പിന്നെ ജയരാമനും കുഞ്ഞുമുഹമ്മദും അയ്യരുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ചിരുന്നവരാണ്. പെരുമ്പാവൂരുകാരുടെ ഇടയിൽ യൂണിവേഴ്സിറ്റി എന്നൊരു പേരുണ്ടായിരുന്നു മണി അയ്യർക്ക്. കാന്റീനിൽ ജോലി ചെയ്ത് അയ്യരുടെ പ്രീതി നേടിയാൽ പിന്നെ ഏതെങ്കിലും സ്ഥാപനത്തിൽ നല്ലൊരു ജോലി ഉറപ്പായിരുന്നുവത്രെ! അത്രയ്ക്കുണ്ടായിരുന്നു മണി അയ്യരുടെ ബന്ധങ്ങളും സ്വാധീനവും.
ഇത്രയും രുചികരമായ സസ്യാഹാരം മറ്റൊരിടത്തു നിന്നും കഴിച്ചിട്ടില്ലെന്ന് എഴുത്തുകാരനും നാടക സംവിധായകനും സംഗീത നാടക അക്കാഡമി വൈസ് ചെയർമാനുമായ ടി.എം.ഏബ്രഹാം ഓർത്തെടുത്തു പറയുന്നു. വൃത്തിയും വെടിപ്പുമുള്ള അടുക്കളയും സമയനിഷ്ടയും ഗുണമേന്മയും പാലിച്ചിരുന്നുവെന്ന്
മുൻ ജനറൽ മാനേജരും ട്രാവൻകൂർ റയോൺസ് എം.ഡിയുമായിരുന്ന കെ.സുകുമാരനും ഓർക്കുന്നു.