പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. പനവൂർ കൊച്ചാനായികോണത്ത് വെള്ളംകുടി ഹിദായത്ത് നഗറിൽ അമീറാണ് പിടിയിലായത്. പെൺകുട്ടിയെ വിജയവാഡയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ എറണാകുളത്തുവച്ച് റെയിൽവേപൊലീസ് പിടികൂടുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ പെൺകുട്ടിയെ കാണാനില്ലാത്തതിനെ തുടർന്ന് നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ട്രെയിനിൽ യാത്ര ചെയ്യുകയാണെന്ന് മനസിലാക്കി വിവരം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. കാസർകോട്ട് ജോലി ചെയ്യുകയായിരുന്ന അമീർ ലോക്ക്ഡൗണിനെ തുടർന്നാണ് നാട്ടിലെത്തിയത്. തുടർന്ന് പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. നെടുമങ്ങാട് സി.ഐ പി.എ. വിനോദ്, എസ്.ഐ ശ്രീജിത്ത്, എസ്.ഐ ധന്യ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.