പാലോട്: ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാതെ സ്പോട്ട് രജിസ്ട്രേഷൻ നടപ്പിലാക്കിയ പനവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആൾക്കൂട്ടവും ബഹളവും. 300 പേർക്കാണ് വാക്സിൻ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായത്. കഴിഞ്ഞ ദിവസം രാവിലെ 8ന് മുൻപ് തന്നെ ആളുകൾ ആശുപത്രിയിലെത്തി ടോക്കൺ എടുത്തു.
രാവിലെ വന്ന് ടോക്കൺ കരസ്ഥമാക്കിയവർക്ക് വൈകുന്നേരമായിട്ടും വാക്സിൻ നൽകാത്തതാണ് ബഹളത്തിന് കാരണമായത്. ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാരും പാർട്ടി നേതാക്കളും വേണ്ടപ്പെട്ടവർക്ക് ടോക്കൺ ഇല്ലാതെ വാക്സിൻ നൽകിയെന്നാരോപിച്ചായിരുന്നു ബഹളം.
നേതാക്കളുടെ വേണ്ടപ്പെട്ടവർക്ക് മാത്രം വാക്സിൻ നൽകുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. ജില്ലയിലെ തന്നെ കൊവിഡ് പോസിറ്റിവിറ്റി നിരക്കിൽ രണ്ടാമതായി നിൽക്കുന്ന പഞ്ചായത്താണ് പനവൂർ. പല വാർഡുകളും റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചായത്ത് അധികാരികളുടെ ബന്ധുക്കൾക്കും പാർട്ടിക്കാർക്കും വാക്സിൻ നൽകുന്നതിന് വേണ്ടിയാണ് സ്പോട്ട് രജിസ്ടേഷൻ വച്ചതെന്നും റെഡ് സോണുകളിൽ നിന്ന് ഉൾപ്പെടെ ആശുപത്രിയിൽ ആൾക്കൂട്ടം ഉണ്ടാവാനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാനും കാരണക്കാരായ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം ലാൽ വെള്ളാഞ്ചിറ, കളക്ടർ ഡി.എച്ച്.എസ്, ഡി.എം.ഒ എന്നിവർക്ക് പരാതി നൽകി. ആശുപതി അധികൃതരുടെ ഇത്തരം നടപടികൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 58 ശതമാനത്തിൽ നിന്നും 100 ശതമാനത്തിലേക്ക് കടക്കാനേ ഉപകരിക്കുകയുള്ളൂവെന്നും പരാതിയിൽ പറയുന്നു.