malinyam

വിതുര:മഴക്കാലമായതോടെ ഗ്രാമീണമേഖലയിലെ പ്രധാനറോഡുകളിലെ ഒാടകൾ നിറഞ്ഞു മഴവെള്ളം റോഡിലേക്ക് കുത്തിയൊഴുകി. വെള്ളത്തോടൊപ്പം മാലിന്യങ്ങളും റോഡിൽ നിറഞ്ഞു.റോഡിൽ നിറഞ്ഞ അഴുക്കുവെള്ളത്തിൽ ചവിട്ടി നടന്നതോടെ പകർച്ചവ്യാധികളും തലപൊക്കിത്തുടങ്ങി. ഇതോടെ നാട്ടുകാരും ദുരിതത്തിലായി.
പഞ്ചായത്തിൽ മഴക്കാല പൂർ‌വശുചീകരണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഒാടകളിൽ അടിഞ്ഞുകൂടിക്കിടന്ന മാലിന്യങ്ങൾ മാത്രം നീക്കം ചെയ്തില്ലെന്ന് പരാതിയുണ്ട്. കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ പ്രധാനവീഥികളിൽ പോലും മാലിന്യം നിറയുന്നത് മറ്റ് സാംക്രമികരോഗങ്ങൾ പടരാൻ സാദ്ധ്യതയുണ്ട്. മിക്ക പഞ്ചായത്തുകളിലും വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ വരെ ഒാടകളിലാണ് നിക്ഷേപിക്കുന്നത്. മലിനജലവും ഒഴുക്കിവിടുന്നുണ്ട്. മഴയത്ത് ഈ ഒാടകൾ നിറഞ്ഞ് മാലിന്യങ്ങൾ റോഡിൽ അടിയുകയാണ്.

വിതുര-പാലോട് റോഡിലെയും,വിതുര-ആര്യനാട് റോഡിലെയും ഒാടകളും അടഞ്ഞുകിടക്കുകയാണ്. ഇവിടെ മഴയത്ത് ഒലിച്ചിറങ്ങിയ മാലിന്യങ്ങൾ റോഡിൽ ചിതറിക്കിടക്കുകയാണ്.

കൂടാതെ വീടുകൾ വ്യാപാര സ്ഥാപനങ്ങൾ അറവുശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വരെ ഓടകളിലാണ് നിക്ഷേപിക്കുന്നത്.ഇത് ദുർഗന്ധത്തിനും രോഗങ്ങൾ പടരുന്നതിനും കാരണമാകുന്നുണ്ട്.പഞ്ചായത്തുകൾ മാലിന്യനിർമ്മാർജനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

മഴക്കാലപൂർ‌വശുചീകരണം

മഴയെത്തും മുൻപേ മഴക്കാല രോഗങ്ങൾ പടരാതിരിക്കാൻ വേണ്ടുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി ഇപ്പോൾ റോഡുകൾക്കിരുവശവുമുള്ള പുല്ല് ചെത്തിക്കളയുന്ന നടപടി മാത്രമായി ഒതുങ്ങിപ്പോകുന്നതായി ആക്ഷേപമുണ്ട്.ഓടകളിൽ അടിഞ്ഞുകൂടിയ മണലും മാലിന്യവും നീക്കം ചെയ്യാതെയുള്ള ഓടനവീകരണവും ഫലവത്തല്ല.

ഇവ ഉദാഹരണങ്ങൾ മാത്രം

വിതുര പേപ്പാറ റോഡിൽ കെ.പി.എസ്.എം ജംഗ്ഷൻ മുതൽ ചപ്പാത്ത് വരെയുള്ള ഒാടകളിൽ മാലിന്യം കുന്നുകൂടികിടക്കുന്നുണ്ട്. കൂടുതലും വീടുകളിൽ നിന്നും പുറന്തള്ളുന്നവയാണ്. പേപ്പാറ റോഡിലും മാലിന്യങ്ങൾ ചിതറികിടക്കുന്നത് കാണാം. ഇതുസംബന്ധിച്ച് കെ.പി.എസ്.എം,കാലങ്കാവ്,ചപ്പാത്ത് നിവാസികൾ പഞ്ചായത്തിലും,ആരോഗ്യവകുപ്പിനും,പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയുടെ വശത്തുള്ള ഒാടകളുടെ അവസ്ഥയും വ്യത്യസ്തമല്ല. മിക്ക ഭാഗത്തും ഒാടകൾ നിർമ്മിച്ചിട്ടില്ല.നിലവിലുള്ള ഒാടകളിൽ കൂടുതലും മാലിന്യം നിറഞ്ഞ് അടഞ്ഞുകിടക്കുന്ന അവസ്ഥയാണ്.

റോഡ് വൃത്തിയാക്കി

പൊൻമുടി-നെടുമങ്ങാട് റോഡിൽ വിതുര പേരയത്തുപാറ ജംഗ്ഷനിൽ റോഡിലേക്ക് മഴയത്ത് അടിഞ്ഞുകൂടിയ മണ്ണം,കല്ലും മറ്റും വിതുര ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. കനത്ത മഴയെ തുടർന്ന് ഒാട തകർന്ന് റോഡിലേക്ക് മാലിന്യങ്ങളടക്കം അടിഞ്ഞുകൂടുകയായിരുന്നു. തുടർന്ന് ഇവിടെ നിരവധി അപകടങ്ങളും നടന്നു.വിതുര ഫയർസ്റ്റേഷൻ ഒാഫീസർ ജി.രവീന്ദ്രൻനായരുടെ നേതൃത്വത്തിൽ

സിവിൽ‌ ഡിഫൻസ് വോളന്റിയർമാരായ വിഷ്ണു, ആഷിക്ക്, അർഷാദ് എന്നിവരടങ്ങുന്ന സംഘം രണ്ട് മണിക്കൂർ പണിപ്പെട്ടാണ് റോഡ് ശുചീകരിച്ചത്.

പടം

പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര പേരയത്തുപാറയ്ക്ക് സമീപം റോഡിൽ അടിഞ്ഞുകൂടിക്കിടന്ന മാലിന്യങ്ങളും കല്ലും മണ്ണും മറ്റും വിതുര ഫയർഫോഴ്സ് യൂണിറ്റ് നീക്കം ചെയ്യുന്നു.