"എന്റെ ക്ലോസ് ഫ്രണ്ട് മായിൻകുട്ടി സംവിധായകനാകുന്നു" കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്. ആരാണ് മായിൻകുട്ടി എന്ന് തപ്പിയ ആരാധകർ ആദ്യം കൺഫ്യൂഷനിലായെങ്കിലും പിന്നീട് ആളെ മനസിലായി. ഹെലൻ സിനിമയിൽ നായകനായി എത്തിയ നോബിൾ ബാബു തോമസ് ആണ് വിനീത് പറഞ്ഞ മായിൻക്കുട്ടി. ഹെലന്റെ കാമുകനായ അസറിനെ അത്രപ്പെട്ടന്നൊന്നും മറക്കാൻ കഴിയില്ല. ചിത്രത്തിന്റെ കഥയും നോബിൾ ബാബു തോമസിന്റെതായിരുന്നു. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങുന്ന 'മെയ്ഡ് ഇൻ ഹെവൻ' എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് നോബിൾ സംവിധായകനാവുന്നത്. പ്രണയവും കോമഡിയും ട്വിസ്റ്റുമായി ഒരു സിനിമയുടെ ഫീൽ തരുന്നതാണ് 'മെയ്ഡ് ഇൻ ഹെവൻ' ആൽബം. നോബിൾ തന്നെയാണ് ആൽബത്തിലെയും നായകൻ. അൻഷ മോഹൻ, ആശ മഠത്തിൽ, സതീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.