solar

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികൾക്കും ഓഫീസുകൾക്കും മാതൃകയാക്കാവുന്ന സംരംഭത്തിനാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തുടക്കമിട്ടിരിക്കുന്നത്. വൈദ്യുതി ആവശ്യത്തിന് വൈദ്യുതി ബോർഡിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ പരിഹാരം കാണാനുള്ള ശ്രമത്തിലാണവർ. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഓഫീസിലെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും നേരിടുന്നതിന് സൗരോർജ്ജം പ്രയോജനപ്പെടുത്താനാണു ശ്രമം. അതുപോലെ ജില്ലാ പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന പേരൂർക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട് ജില്ലാ ആശുപത്രികളും സൗരോർജ്ജത്തിലേക്കു മാറുകയാണ്. ഇതിനായുള്ള സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചുകഴിഞ്ഞു. പഞ്ചായത്തിനു കീഴിലുള്ള പത്തു സ്ഥാപനങ്ങളിൽ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിച്ച് ദൈനംദിന വൈദ്യുതാവശ്യം നേരിടാനാണ് ലക്ഷ്യം. പാരമ്പര്യേതര ഊർജ്ജ സ്രോതസിൽ ഏറ്റവും മികച്ചതെന്നു കരുതുന്ന സൗരോർജ്ജം ഉപയോഗപ്പെടുത്തുന്നതിൽ സംസ്ഥാനം പൊതുവേ വിമുഖതയാണു കാണിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സൗരോർജ്ജ വിപ്ളവത്തിനു തുടക്കമിട്ടതാണെങ്കിലും വിവാദങ്ങളിൽപ്പെട്ട് അകാല ചരമമടഞ്ഞു. രാജ്യമൊട്ടാകെ വൻകിട സൗരോർജ്ജ പ്ളാന്റുകൾ സ്ഥാപിക്കുന്ന തിരക്കിലാണിപ്പോൾ. ക്ളീൻ എനർജി എന്ന നിലയിൽ ഏറ്റവും സ്വീകാര്യമായ ഊർജ്ജ സ്രോതസാണ് സൗരോർജ്ജം. ഒരിക്കലും മുട്ടുവരാത്ത സ്രോതസ്. സൗരോർജ്ജ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ പല സംസ്ഥാനങ്ങളിലും വലിയ തോതിൽ ഏറ്റെടുത്തു നടപ്പാക്കിവരികയാണ്. അനന്ത സാദ്ധ്യതകളുണ്ടായിട്ടും കേരളത്തിൽ ചുരുക്കം സ്ഥാപനങ്ങളേ വൻതോതിൽ സൗരോർജ്ജം പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നിട്ടുള്ളൂ. അവയിൽ പ്രമുഖ സ്ഥാനത്തു വരുന്നത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. അവിടത്തെ മുഴുവൻ വൈദ്യുതി ആവശ്യവും സൗരോർജ്ജം കൊണ്ടാണ്. അഞ്ചുവർഷത്തിലധികമായി ഈ നില തുടരുന്നു. സൗരോർജ്ജത്തെ ആധാരമാക്കി മുഴുവൻ പ്രവർത്തനങ്ങളും നടക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളം എന്ന ഖ്യാതിയും ഈ എയർപോർട്ടിനാണ്. ഇതിന് ഐക്യരാഷ്ട്ര സഭയിൽ നിന്നുൾപ്പെടെ അനവധി അന്താരാഷ്ട്ര ബഹുമതികളും വിമാനത്താവളം നേടിയിട്ടുണ്ട്. എത്ര വലിയ വൈദ്യുതി ആവശ്യവും നേരിടാൻ സോളാർ പ്ളാന്റുകൾ മതിയാകുമെന്നു അനുഭവങ്ങളുണ്ട്. മദ്ധ്യപ്രദേശിൽ 400 മെഗാവാട്ടിന്റെ പുതിയൊരു സൗരോർജ്ജ നിലയം ഉത്പാദനം തുടങ്ങിയത് ഈ അടുത്തകാലത്താണ്. സോളാർ പാനലുകൾ സ്ഥാപിക്കാനാവശ്യമായ ഭൂമിയൊഴികെ പ്രകൃതിക്ക് ഒരു കോട്ടവും ഉണ്ടാകുന്നില്ലെന്നതാണ് വലിയ നേട്ടം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ മാതൃക പിന്തുടർന്ന് മെഡിക്കൽ കോളേജിനും സെക്രട്ടേറിയറ്റിനും പബ്ളിക് ഓഫീസിനുമെല്ലാം സൗരോർജ്ജ സംവിധാനത്തിലേക്കു മാറാവുന്നതേയുള്ളൂ. നിരന്തരമുണ്ടാകുന്ന വൈദ്യുതി തകരാർ കാരണം ജലവിതരണം തടസപ്പെടുന്ന വാട്ടർ അതോറിട്ടിക്കും ഈ മാർഗം സ്വീകരിക്കാവുന്നതാണ്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഏറെ നേട്ടം പ്രദാനം ചെയ്യുന്നതാണ് സൗരോർജ്ജം വഴിയുള്ള ഊർജ്ജ സ്വയംപര്യാപ്തത. സ്വകാര്യ സ്ഥാപനങ്ങൾക്കു സഹായവും പ്രോത്സാഹനവും ലഭിച്ചാൽ അവയും വർദ്ധിച്ച തോതിൽ ഈ പാരമ്പര്യേതര വഴിയിലേക്കു തിരിയുമെന്നതിൽ സംശയമില്ല. വർഷം മുഴുവൻ സൂര്യപ്രകാശം ലഭിക്കുന്ന നാടായതിനാൽ സംശയിക്കേണ്ട കാര്യവുമില്ല.