
തിരുവനന്തപുരം: അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ഓർമകളുറങ്ങുന്ന വീട്ടിൽ ഇനി വിപിൻ തനിച്ചാണ്. ദിവസങ്ങളുടെ ഇടവേളയിലാണ് വിപിന്റെ പ്രിയപ്പെട്ടവരെ കൊവിഡ് കവർന്നത്. ആദ്യം യാത്രയായത് വിപിന്റെ അച്ഛൻ അശോകനായിരുന്നു. പിന്നാലെ സഹോദരി വിജി. ഒടുവിൽ അമ്മ ലില്ലിക്കുട്ടിയും യാത്രയായതോടെയാണ് വിപിൻ തനിച്ചായത്. പ്രിയപ്പെട്ടവർ കൂടെയില്ലെന്ന സത്യം ഉൾക്കൊള്ളാൻ ഇനിയും വിപിനായിട്ടില്ല.
ഓട്ടോറിക്ഷ ഡ്രൈവറും വലിയവിള നല്ലിയൂർക്കോണം സ്വദേശിയുമായ ടി. അശോകൻ (57) മേയ് 30നാണ് മരിച്ചത്. കൊവിഡ് ബാധിതരെ സ്വന്തം ഓട്ടോയിൽ ആശുപത്രിയിലെത്തിക്കാൻ മടി കാണിക്കാത്ത അശോകൻ സി.ഐ.ടി.യു വലിയവിള യൂണിറ്റ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ മാസം പേരൂർക്കട ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അശോകന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഭാര്യ ലില്ലിക്കുട്ടിക്കും (50), മകൾ വിജിക്കും (28) അസുഖം സ്ഥിരീകരിച്ചു. രോഗബാധിതയാകുമ്പോൾ പൂർണ ഗർഭിണിയായിരുന്നു വിജി. കൊവിഡ് ഗുരുതരമായതോടെ സിസേറിയൻ നടത്തി, വെന്റിലേറ്ററിലേക്ക് മാറ്റി. ന്യുമോണിയ ബാധിച്ചതിനാൽ ലില്ലിക്കുട്ടിയും വെന്റിലേറ്ററിലായിരുന്നു.
12ന് വിജി മരിച്ചു. രണ്ട് ദിവസത്തിന് ശേഷം ലില്ലിക്കുട്ടിയും. കാത്തിരുന്ന് ജനിച്ച കൺമണിയെ കൺനിറയെ കാണാൻ പോലും ഇവർക്കായില്ല. ഒരു ദിവസം പോലും അമ്മയുടെ ചൂടേറ്റ് മയങ്ങാൻ ആ കുഞ്ഞിനുമായില്ല. കൊവിഡ് ബാധിച്ച് ആശുപത്രിയിലായതിന് ശേഷം മൂന്ന് പേരും പരസ്പരം കണ്ടിട്ടില്ല. കുടുംബത്തിലെ ഓരോരുത്തരെയായി മരണം കവർന്നതും ഇവർ അറിഞ്ഞില്ല.
വിജിയുടെ 18 ദിവസം പ്രായമുള്ള കുഞ്ഞ് അനയയ്ക്കും ഭർത്താവ് അഭിഷേകിന്റെ അമ്മ ജലജയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ കൊവിഡ് നെഗറ്റീവായതോടെ കട്ടച്ചൽക്കുഴിയിലെ അഭിഷേകിന്റെ വീട്ടിലാണുള്ളത്. ലില്ലിക്കുട്ടിയുടെ സഹോദരനും കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. സ്വന്തമായുള്ള രണ്ട് സെന്റിലെ ഇവരുടെ വീട് സഹകരണ ബാങ്കിൽ പണയത്തിലാണ്. വലിയവിളയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് വിപിൻ.