karma

പാങ്ങോട്: പാങ്ങോട് പഞ്ചായത്ത്‌ കൃഷി ഭവന്റെ നേതൃത്വത്തിൽ കൃഷി സംരക്ഷണത്തിന് പാങ്ങോട് പഞ്ചായത്തിൽ കാർഷിക കർമസേനയുടെ പ്രവർത്തനം ആരംഭിച്ചു.

പാങ്ങോട് കൃഷിഭവന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ പരിശീലനം നേടിയവരെ ഉൾപ്പെടുത്തിയാണ് കാർഷിക കർമ്മ സേനയ്ക്ക് രൂപം നൽകിയിരിക്കുന്നത്. പാരമ്പര്യ കൃഷി രീതികളെ സംരക്ഷിക്കുന്നതോടൊപ്പം യന്ത്രവത്കരണത്തിലൂടെ കർഷകരുടെ ഉത്പാദന വർദ്ധനവിനും മുൻതൂക്കം നൽകും. 24 പേർ അടങ്ങുന്ന ഗ്രൂപ്പാണ് കാർഷിക കർമ്മ സേന. യന്ത്ര സഹായത്താൽ നിലമൊരുക്കൽ, ഞാറുനടീൽ, കളനിയന്ത്രണം, കീടനാശിനി പ്രയോഗം, കൊയ്ത്ത്, മെതി എന്നിവ കർഷകർക്ക് മിതമായ നിരക്കിൽ ചെയ്തു നൽകും. നാളികേര കൃഷിയിലും യന്ത്രസഹായത്താൽ തടം തുറക്കൽ, കീടനാശിനി പ്രയോഗം, തേങ്ങ ഇടീൽ എന്നിവയും നടത്തും. ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ, പച്ചക്കറിവിത്ത്, പച്ചക്കറിത്തൈ എന്നിവയുടെ ഉത്പാദനവും കർമ്മ സേന വഴി ചെയ്യുന്നുണ്ട്. ജൈവ കൃഷിക്ക് ആവശ്യമായ പഞ്ചഗവ്യം, ജീവാമൃതം, ഫിഷ് അമിനോ എന്നിവയും നിർമ്മിച്ച് മിതമായ നിരക്കിൽ വിതരണം നൽകുന്നുണ്ട്.