road

നെയ്യാറ്റിൻകര: ആശാരിക്കുളം -അഴകിക്കോണം ക്ഷേത്ര റോഡിലൂടെ നാട്ടുകാർ യാത്രചെയ്യണമെങ്കിൽ അല്പമൊന്ന് മടിക്കും. ശ്രദ്ധമാറിയാൽ വീണതുതന്നെ. ചെളിക്കുളമായ ഇവിടെ വീണുപോയാൽ പിന്നെ പറയുകയും വേണ്ട. ഈ റോഡിൽ വെള്ളം കെട്ടിനിന്ന് ചെളിക്കെട്ട് നിറഞ്ഞതുകാരണം കാൽനടയും വാഹനയാത്രയും വളരെ ബുദ്ധിമുട്ടാണ്. രണ്ട് കിലോമീറ്ററോളം ദൂരമുള്ള ടാറിട്ട റോഡിന്റെ 500 മീറ്ററോളം ദൂരമാണ് ഇത്തരത്തിൽ ചെളിക്കെട്ടായി മാറിയിരിക്കുന്നത്.
അഴകിക്കോണം ക്ഷേത്രത്തിലേക്കും ഉദിയൻകുളങ്ങര, വട്ടവിള റോഡുകളിലേക്കും എത്തിച്ചേരുന്നതിനുളള എളുപ്പ റോഡാണിത്. റോഡിന്റെ ദുരിതാവസ്ഥ കാരണം ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റിയാണ് പ്രദേശവാസികൾ പ്രധാന റോഡുകളിലേക്ക് എത്തുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ഓടയില്ലാത്തതാണ് വെളളം കെട്ടിക്കിടക്കാൻ കാരണം. ഓട കെട്ടി റോഡ് നവീകരിക്കാൻ ജനപ്രതിനികൾക്കും വകുപ്പധികൃത‌ർക്കും നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ജനതാദൾ (എസ്) കുടുംബോട്ടുകോണം വാ‌ർ‌ഡ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.

ചെളിക്കുളമായത്..... ആശാരിക്കുളം -അഴകിക്കോണം ക്ഷേത്ര റോഡ്

തകന്ന് കിടക്കുന്നത്..... 500 മീറ്റർ ദൂരം

 മഴവെള്ളം കെട്ടിനിന്ന് യാത്ര ദുസഹം

 വാഹനങ്ങൾ ചെളിയിൽ പുതയുന്നത് നിത്യ സംഭവം

 റോഡിന്റെ ദുരിതാവസ്ഥ കാരണം കിലോമീറ്ററുകൾ ചുറ്റിയാണ് യാത്ര

ഓടകൾ ഇല്ലാത്തത് വെള്ളക്കെട്ടിന് കാരണം

 യാത്ര ദുസഹമായതോടെ നാട്ടുകാർ ദുരിതത്തിൽ

പുറത്തിറങ്ങാനും വയ്യേ...

മാസങ്ങളായി കുണ്ടും കുഴികളും രൂപപ്പെട്ട് കിടന്ന റോഡിൽ മഴപെയ്താൽ വെളളം ഒലിച്ചുപോകാതെ കെട്ടിക്കിടക്കാറാണ് പതിവ്. വെളളക്കെട്ട് ഒഴിവാക്കുന്നതിനായി പ്രദേശവാസികളുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്ന് 2 മാസം മുൻപ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ റോഡിന്റെ പൊളിഞ്ഞ ഭാഗം മണ്ണിട്ട് നികത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് റോഡ് സഞ്ചാരയോഗ്യമാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ഇപ്പോൾ മഴ പെയ്ത് തുടങ്ങിയതോടെ വീണ്ടും പ്രദേശവാസികളുടെ ദുരിതം കൂടി. റോഡ് ചെളിക്കുണ്ടായി മാറിയതോടെ ഈ റോഡിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്തിരുന്ന നൂറോളം കുടുംബങ്ങൾക്ക് പുറത്തേക്കിറങ്ങാൻ പറ്റാത്ത സാഹചര്യമായി.

പ്രതികരണം-

റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണം. അല്ലാത്തപക്ഷം പ്രക്ഷോഭമടക്കമുളള സമരപരിപാടികൾ സംഘടിപ്പിക്കും.

ജനതദൾ (എസ്) ജില്ലാ കമ്മിറ്റിയംഗം അഡ്വ. ബെൻസ‌ർ