നെയ്യാറ്റിൻകര: കൊവിഡ് പ്രതിസന്ധി കാലത്ത് വനിതാ സ്വയം സഹായ സംഘങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ എൻ.എസ്.എസ് ആവിഷ്കരിച്ച പദ്ധതിക്ക് നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിലും തുടക്കം കുറിച്ചു. മിനി ഡയറി യൂണിറ്റ്, മുട്ടക്കോഴി വളർത്തൽ യൂണിറ്റ് എന്നീ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് സ്വയംതൊഴിൽ വായ്പ നൽകുന്നത്. നെയ്യാറ്റിൻകര താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ലിങ്കേജ് വായ്പയുള്ള വനിതാ സ്വയംസഹായ സംഘങ്ങൾക്ക് പതിനായിരം രൂപ വീതം കൊവിഡ് സമാശ്വാസ വായ്പയും നൽകുന്നു. അർഹരായ എല്ലാ അംഗങ്ങൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കാൻ വേണ്ട നടപടികളും പുതിയതായി ലിങ്കേജ് വായ്പയും സംരംഭകത്വ വായ്പയും ആവശ്യമുള്ള സംഘങ്ങൾക്ക് അവ നൽകുന്നതിനും വേണ്ട നടപടികളും നെയ്യാറ്റിൻകര എൻ.എസ്.എസ് താലൂക്ക് യൂണിയൻ സ്വീകരിച്ചിട്ടുണ്ടെന്ന് യൂണിയൻ പ്രസിഡന്റ്‌ കോട്ടുകാൽ കൃഷ്ണകുമാർ അറിയിച്ചു.