വർക്കല: വർക്കല നഗരസഭാ പ്രദേശത്ത് കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിൽ കുറവുണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് പുറമെ അധിക നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, നഗരസഭാ ഉദ്യോഗസ്ഥർ, സെക്രട്ടേറിയൽ മജിസ്ട്രേട്ട്, പൊലീസ് എന്നിവരുടെ അടിയന്തര യോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് തീരുമാനം. പുന്നമൂട് മാർക്കറ്റ് 23 വരെ പൂർണമായും അടച്ചിടും. സർക്കാർ ഉത്തരവ് പ്രകാരം അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഉച്ചയ്ക്ക് 2 വരെ മാത്രമെ പ്രവർത്തിക്കാവൂ.
ഭക്ഷണശാലകൾ, ഫിഷ് സ്റ്റാൾ എന്നിവിടങ്ങളിൽ ഹോം ഡെലിവറിക്ക് മാത്രമാണ് അനുവാദം. നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കും. നിയന്ത്രണങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിന് പൊലീസ് പട്രോളിംഗും ശക്തമാക്കും. നിയന്ത്രണങ്ങളോട് പൊതുജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ കെ.എം. ലാജി അഭ്യർത്ഥിച്ചു.