നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ മണ്ഡലമാക്കുന്നതിന്റെ ഭാഗമായുളള പദ്ധതിക്ക് ജനപ്രതിനിധികളുടെ യോഗം രൂപം നൽകി.
ഓൺലൈൻ വിദ്യാഭ്യാസം നേടുന്നതിനാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ലഭ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിയോജക മണ്ഡലത്തിൽ അഞ്ച് ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലുമായി 74 പൊതു വിദ്യാലയങ്ങളാണുള്ളത് .ഇവയിൽ കാരോട് - 85, കുളത്തൂർ - 286, ചെങ്കൽ - 39, തിരുപുറം - 30,അതിയന്നൂർ - 179, നെയ്യാറ്റിൻകര നഗരസഭ - 108 കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങളില്ലെന്ന് പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്. പട്ടിക പരിശോധിച്ച് അർഹരായവരെ കണ്ടെത്തി ബഹുജന പങ്കാളിത്തത്തോടെ ടെലിവിഷൻ സെറ്റുകൾ,മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബുകൾ എന്നിവ വിതരണം ചെയ്യും. ഇതിനായി സന്നദ്ധ സംഘടനകൾ, വിരമിച്ച അദ്ധ്യാപകർ, സർവീസ് സംഘടനകൾ, പ്രവാസി സമൂഹം, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സഹായം തേടുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വാർഡടിസ്ഥാനത്തിൽ തയാറാക്കിയ പട്ടികയിൽ നിന്ന് അർഹരായവരെ കണ്ടെത്തിയാണ് ഉപകരണങ്ങൾ ലഭ്യമാക്കുക. ഇതിനായി ഗ്രാമപഞ്ചായത്തംഗം ചെയർമാനും പ്രഥമാദ്ധ്യാപകനോ സ്കൂൾ നോഡൽ ഓഫീസറോ കൺവീനറായി വാർഡ്തല വിദ്യാഭ്യാസ സമിതി രൂപീകരിച്ചു.
ഒരു വീട്ടിൽ ഒരു ഡിജിറ്റൽ ഉപകരണമെങ്കിലും ജനകീയ പങ്കാളിത്തത്തോടെ ഉറപ്പാക്കാനാണ് പദ്ധതി.കെ.ആൻസലൻ എം.എൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നു. നഗരസഭാ ചെയർമാൻ പി.കെ.രാജ് മോഹൻ, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എൻ.രത്‌നകുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ എസ്. ജവാദ്, ഡോ.എം.എ.സാദത്ത്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ പ്രഥമാദ്ധ്യാപകർ ,ജനപ്രതിനിധികൾ, ബി.പി.സി എം.അയ്യപ്പൻ, എ.ഇ.ഒ ആർ.ബാബു, എ.എസ് ബെൻറെജി എന്നിവർ പങ്കെടുത്തു.