വർക്കല: കൊവിഡ് രോഗമുക്തി നേടിയവർക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതിന് വർക്കല നഗരസഭയുടെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ അഞ്ച് ദിവസം വർക്കല യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ വച്ച് യോഗ, പ്രാണായാമം ക്ലാസുകൾ നടത്തുന്നു. രോഗമുക്തരായവരിൽ പലർക്കും വിഷാദം, ഉറക്കക്കുറവ് എന്നിങ്ങനെ നിരവധി മാനസിക പ്രശ്നങ്ങൾ കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കൗൺസിലിംഗ്, റിലാക്സേഷൻ ടെക്‌നിക്കുകൾ എന്നിവയും പരിശീലിപ്പിക്കും. കൂടാതെ ശരീരവേദന, വിട്ടുമാറാത്ത ചുമ, ത്വക് അലർജി എന്നീ ലക്ഷണങ്ങൾക്ക് സ്റ്റീംബാത്തും അനുബന്ധ ചികിത്സയും നൽകും. കൊവിഡ് രോഗമുക്തരായി 17 ദിവസം കഴിഞ്ഞ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവായ ശേഷം നേരിട്ട് വരുന്നവർക്ക് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ ചികിത്സ നൽകുമെന്ന് നഗരസഭ ചെയർമാൻ കെ.എം.ലാജി അറിയിച്ചു.