covaccine

തിരുവനന്തപുരം: കൊവിഡ് വാക്സിൻ രണ്ടാം ഡോസിന്റെ സമയമായിട്ടും കൊവിൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാനാവാത്തത് പ്രായമായവരെ ഉൾപ്പെടെ ബുദ്ധിമുട്ടിക്കുന്നു. ദിവസങ്ങളായി ആപ്പിൽ കണ്ണും നട്ടിരിക്കുന്നവർ ഏറെയാണ്. വൈകിട്ട് 3 മുതൽ 3.45 വരെ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാമെന്നാണ് ആരോഗ്യ വകുപ്പിൻെറ അറിയിപ്പെങ്കിലും പറ്റാത്ത അവസ്ഥ. അഥവാ രജിസ്റ്റർ ആയാൽ തന്നെ കിലോമീറ്ററുകൾക്കപ്പുറത്തെ ആശുപത്രികളാണ് കിട്ടുന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത വൃദ്ധർ ഇത്രദൂരം പോകാനാവാതെ വിഷമിക്കുന്നുണ്ട്.

രണ്ടാം ഡോസിന് സ്പോട്ട് രജിസ്ട്രേഷനുണ്ടെങ്കിലും വാക്സിൻ കേന്ദ്രത്തിലെ കാത്തിരിപ്പ് ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നത്.

രണ്ടാം ഡോസിന് ഓൺലൈൻ സ്ലോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് സ്പോട്ട് രജിസ്ട്രേഷൻ തുടങ്ങിയത്. അവിടെല്ലാം നീണ്ട നിരയാണ്. മണിക്കൂറുകൾ കാത്തിരുന്നാലും കിട്ടാത്ത അവസ്ഥ.

രണ്ടാം ഡോസ് എടുക്കാനുള്ളവർ കൂട്ടത്തോടെ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നതിനാലാണ് സ്ലോട്ട് കിട്ടാത്തതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ദിവസം ഒന്നര ലക്ഷം പേർക്ക് വാക്സിൻ നൽകുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിൻെറ കണക്ക്.