കടയ്ക്കാവൂർ: കഴിഞ്ഞ ദിവസം കടൽക്കരയിൽ കളിക്കുന്നതിനിടയിൽ തിരയിൽപെട്ട് കണാതായ മുഹമ്മദ് ഷഹബാസിനെ (5) കണ്ടെത്താനുളള തെരച്ചിൽ ശക്തമാക്കി. നെടുങ്ങണ്ട പുതിയ പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ ഷംനാദ് -അൻസീന ദമ്പതികളുടെ മകൻ ഷഹബാസിനെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കടൽക്കരയിൽ കളിക്കുന്നതിനിടയിൽ ശക്തമായ തിരയിൽപെട്ട് കാണാതായത്. ചൊവ്വാഴ്ച കടലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ മുതൽ കോസ്റ്റൽ പൊലീസ്, ലോക്കൽ പൊലീസ്, കോസ്റ്റ് ഗാർഡ്, ഫയർഫോഴ്‌സ് എന്നിവർ സംയുക്തമായി തെരച്ചിൽ നടത്തുന്നുണ്ട്. മുങ്ങൽവിദഗ്ദരും ഒപ്പം ചേർന്നിട്ടുണ്ട്. പഞ്ചായത്ത്‌ പ്രസിഡന്റ് ലൈജുവിന്റ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളും തെരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്.