gh

തിരുവനന്തപുരം: ഓരോ ജില്ലയിലെയും കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള 'ഒരു ജില്ല ഒരു ഉത്പന്നം' പദ്ധതിക്ക് തുടക്കമിട്ട് വ്യവസായ വകുപ്പ്. മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൗ വർഷം 108 യൂണിറ്റുകൾ തുടങ്ങാൻ തീരുമാനിച്ചു. യൂണിറ്റിന് 25 ലക്ഷം രൂപയോളം ചെലവ് വരും. പത്തുലക്ഷം രൂപ വരെയോ അല്ലെങ്കിൽ 35ശതമാനമോ സർക്കാർ സഹായം നൽകും. യൂണിറ്റിൽ ചുരുങ്ങിയത് 15 പേർക്കെങ്കിലും നേരിട്ടും ഇരട്ടിയോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
പദ്ധതിക്കായി സംസ്ഥാന ബഡ്ജറ്റിൽ 4.50 കോടി വകയിരുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള കാർഷിക ഉത്പന്നങ്ങൾ വ്യവസായ വകുപ്പ് തരംതിരിച്ചു.

 തിരുവനന്തപുരം -മരച്ചീനി

 കൊല്ലം- മരച്ചീനിയും മറ്റു കിഴങ്ങു വർഗങ്ങളും

 പത്തനംതിട്ട- ചക്ക

 ആലപ്പുഴ, തൃശൂർ- നെല്ലുത്പന്നങ്ങൾ

 കോട്ടയം, എറണാകുളം- കൈതച്ചക്ക

 ഇടുക്കി- സുഗന്ധവ്യഞ്ജനങ്ങൾ

 പാലക്കാട് -ഏത്തക്കായ

 മലപ്പുറം, കോഴിക്കോട്- തേങ്ങയിൽ നിന്നുള്ള ഉത്പന്നങ്ങൾ

 വയനാട് -പാലും പാലുത്പന്നങ്ങളും

 കണ്ണൂർ- വെളിച്ചെണ്ണ

 കാസർകോട്- ചിപ്പി

സംരംഭം തുടങ്ങാൻ

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്‌ളോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിലുള്ള വ്യവസായ വികസന ഓഫീസർമാരെ ബന്ധപ്പെടണം.
സംരംഭകരെ സഹായിക്കാൻ എല്ലാ കേന്ദ്രങ്ങളിലും ഹാൻഡ് ഹോൾഡിംഗ് സംവിധാനം. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ സമിതികൾ.