തിരുവനന്തപുരം: ചാക്കയിൽ പ്രവർത്തിക്കുന്ന കോർപറേഷന്റെ മാലിന്യ ശേഖരണ കേന്ദ്രത്തിന് തീപിടിച്ചു. മേൽക്കൂര ഉൾപ്പെടെ കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
ചാക്ക - എയർപോർട്ട് റോഡിൽ പാലത്തിന് സമീപത്തെ മാലിന്യശേഖരണ കേന്ദ്രത്തിലായിരുന്നു തീപിടിത്തം. പ്ലാസ്റ്റിക്, ചെരുപ്പ്, ബാഗ് അടക്കമുള്ള മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കുന്ന കേന്ദ്രമാണിത്. തീ കെട്ടിടത്തിന്റെ എല്ലാ ഭാഗത്തേക്കും പടർന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിയുണ്ടായ പുക പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. മാലിന്യം ശേഖരിക്കുന്നതിനായി ഒരു ജീവനക്കാരി കെട്ടിടത്തിലുണ്ടായിരുന്നെങ്കിലും തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയതിനാൽ പരിക്കേറ്റില്ല. ചാക്ക അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റ് ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷൻ ഓഫീസർ ഷാജി, സീനിയർ ഫയർ ഓഫീസർ കെ.ജി. സുരേഷ് എന്നിവർ നേതൃത്വം നൽകി.