തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂരിലെ വീട്ടിൽ നിന്ന് വളർത്തു പ്രാവുകളെ മോഷ്ടിച്ച പ്രതിയെ പിടികൂടി. കോട്ടുകാൽ നെട്ടത്താന്നിതേരിവിള പുത്തൻ വീട്ടിൽ പ്രസാദിനെയാണ് (23) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ന് വിഴിഞ്ഞം മുല്ലൂർ സ്വദേശി രാജീവിന്റെ വീട്ടിലെ കൂടുകളിൽ പാർപ്പിച്ചിരുന്ന 20 വിലപിടിപ്പുള്ള പ്രാവുകളെ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മോഷ്ടിച്ച പ്രാവുകളെയും കണ്ടെടുത്തു. വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ രാജേഷ്, ഡിപിൻ സി.പി.ഒമാരായ, സജൻ, അജികുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.