തിരുവനന്തപുരം: മലയോര കർഷകരുടെ കാർഷികോല്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഇടുക്കിയിലെ പീരുമേട്ടിൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ അത്യാധുനിക ഗോഡൗൺ സ്ഥാപിക്കാൻ സ്ഥലമനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി റവന്യുവകുപ്പിന്റെ ഒരേക്കറോളം ഭൂമി പാട്ടത്തിന് നൽകും. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്താണ് പീരുമേട്ടിൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ ഗോഡൗൺ സ്ഥാപിക്കാൻ സ്ഥലം വിട്ടുകിട്ടാനുള്ള ഫയൽ മന്ത്രിസഭ മുമ്പാകെയെത്തിയത്. അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ മുൻകൈയിലാണിത് നടന്നത്. ഇതിനിടയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ തീരുമാനമെടുക്കാനാകാതെ പോയി. തുടർന്ന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണനയ്ക്കെടുക്കുകയായിരുന്നു.