തിരുവനന്തപുരം: റവന്യൂ വകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിൽ നടന്ന വ്യാപകമായ മരം മുറിക്കലിനെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. 2020 ഒക്ടോബർ 24ന് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായ മരംമുറി നടന്നത്.
വന ഭൂമിയിൽ നിന്ന് ഒരു മരം പോലും മുറിക്കുകയോ കടത്തിക്കൊണ്ടുപോകുകയോ ചെയ്തിട്ടില്ല. എന്നിട്ടും പട്ടയഭൂമിയിലെ മരം മുറിയെ 'വനംകൊള്ള' എന്നു പറയുന്നത് ദുരുദ്ദേശപരമാണെന്ന് കെ.എഫ്.ആർ.എ ജനറൽ സെക്രട്ടറി ധനിക് ലാലും പ്രസിഡന്റ് സജു ടി.എസും പത്രക്കുറിപ്പിൽ പറഞ്ഞു. സർക്കാർ ഉത്തരവ് നടപ്പാക്കിയതിന്റെ പേരിൽ റയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരെ ക്രൂശിക്കുന്ന നടപടിയിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും മരംമുറിയുടെ ബാദ്ധ്യത വനം വകുപ്പ് ഉദ്യോഗസ്ഥരിൽ കെട്ടിവയ്ക്കരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.