കോവളം: മത്സ്യബന്ധന സീസൺ തുടങ്ങിയ വിഴിഞ്ഞം തുറമുഖത്ത് കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ച് ജനം തടിച്ച് കൂടിയത് ആശങ്കയുയർത്തി. സാമൂഹ്യ അകലം ഇല്ലാതെയും ശരിയായി മാസ്ക് ധരിക്കാതെയും ജനം തടിച്ചുകൂടിയതാണ് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയത്.

മത്സ്യത്തൊഴിലാളികളും മത്സ്യം ലേലം നടത്തുന്നവരും കച്ചവടക്കാരും നാട്ടുകാരുമായി നൂറ് കണക്കിന് പേരാണ് ഇന്നലെ തീരത്ത് കൂട്ടംകൂടിയത്. രോഗവ്യാപന മേഖലകളിൽ നിന്നടക്കം ആളുകൾ യാതൊരു
പരിശോധനയുമില്ലാതെ തീരത്തെത്തിയത് നാട്ടുകാരെയും ഭീതിയിലാക്കി.

മത്സ്യ ബന്ധന സീസൺ തുടങ്ങിയതോടെ വിഴിഞ്ഞത്ത് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി നൂറുക്കണക്കിന് വള്ളങ്ങളും മത്സ്യത്തൊഴിലാളികളുമാണ് മീൻ പിടിക്കാനെത്തിയിട്ടുള്ളത്. കടൽക്ഷോഭ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ഇന്നലെ നിരവധി വള്ളങ്ങൾ കടലിലിറങ്ങി മീനുമായി മടങ്ങിയത്തിയതോടെയാണ് ജനം കൂടിയത്.

ബാരിക്കേഡുപയോഗിച്ച് മത്സ്യലേലത്തിന് പ്രത്യേക സംവിധാനമൊരുക്കുമെന്നതടക്കമുള്ള പദ്ധതികളും പാളി. കൊവിഡിന്റെ ആദ്യവരവിൽ ആരോഗ്യ വകുപ്പും പൊലീസും നടപ്പിലാക്കിയ നിയന്ത്രണങ്ങൾപോലും ഇപ്പോൾ തീരത്തില്ലാത്തതും ജനത്തിരക്കിന് കാരണമായതായി നാട്ടുകാർ പറഞ്ഞു.