കാട്ടാക്കട: വീടിനടുത്തുള്ള ക്ഷേത്രവളപ്പിലിരുന്ന് മൊബൈൽ ഫോൺ വഴി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ കാട്ടാക്കട സ്റ്റേഷനിലെ എസ്.ഐയും ഗ്രേഡ് എസ്.ഐയും ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. എസ്.ഐ ടി. അനീഷ്, ഗ്രേഡ് എസ്.ഐ പി.സുരേഷ്‌കുമാർ, സി.പി.ഒമാരായ ബിനു, വി.എസ്. അനുരാഗ് എന്നിവർക്കെതിരെ റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുക്കുമ്പോൾ പൊലീസ് പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാത്തത് കുറ്റകരമായ അനാസ്ഥയെന്ന് ഉത്തരവിൽ പറയുന്നു. ആറിന് ഉച്ചയോടെയായിരുന്നു കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് യോഗീശ്വരസ്വാമി ക്ഷേത്രവളപ്പിൽ കൂടിയിരുന്ന നാല് കുട്ടികളെ പൊലീസ് മർദ്ദിച്ചത്. ബാലാവകാശ കമ്മിഷൻ ചെയർമാൻ മനോജ് കുമാർ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും മർദ്ദിക്കാൻ ഉപയോഗിച്ച കേബിൾ വയർ ജീപ്പിൽ നിന്ന് കണ്ടെടുക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള റിപ്പോർട്ട് കാട്ടാക്കട ഡിവൈ.എസ്‌.പി എസ്. ഷാജി റൂറൽ പൊലീസ് മേധാവിക്ക് സമർപ്പിച്ചിരുന്നു.