ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയും ആൾരൂപമെന്ന് പറയാവുന്ന കോൺഗ്രസ് നേതാവാണ്, മലബാറിലെ സ്വാതന്ത്ര്യസമര സേനാനി മുല്ലപ്പള്ളി ഗോപാലന്റെ മകൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 2018ൽ കെ.പി.സി.സിയുടെ അദ്ധ്യക്ഷനായെത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തിലേക്ക് പാർട്ടിയെ എത്തിച്ച മുല്ലപ്പള്ളി, നിയമസഭാ,തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ പരാജയഭാരമേറ്റെടുത്ത് പിൻമാറിയിരിക്കുന്നു. പിന്നിട്ട രണ്ടര വർഷക്കാല അനുഭവത്തെപ്പറ്റി മുല്ലപ്പള്ളി തുറന്നടിക്കുന്നു:
? രണ്ടര വർഷത്തിന് ശേഷം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് ആത്മസംതൃപ്തിയോടെയാണോ...
- തികച്ചും ചാരിതാർത്ഥ്യത്തോടെയും അതിലേറെ ആത്മസംതൃപ്തിയോടെയുമാണ് ഞാൻ പടിയിറങ്ങുന്നത്. ഞാൻ കെ.പി.സി.സി അദ്ധ്യക്ഷനായി ചുമതലയേറ്റപ്പോഴുള്ള രാഷ്ട്രീയസാഹചര്യം വിലയിരുത്തണം. അത്യന്തം വിഷമകരമായ ഘട്ടത്തിലാണ് ചുമതലയേൽക്കുന്നത്. കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ ഭരണം, കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. വെല്ലുവിളിയെന്ന നിലയ്ക്കാണ് ആ ചുമതലയേറ്റെടുക്കാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി എന്നോടാവശ്യപ്പെട്ടത്. ഞാൻ കേരളത്തിൽ ഇത്തരമൊരു ദൗത്യമേറ്റെടുത്ത് പോകുമ്പോൾ കോൺഗ്രസിലെ നേതാക്കളിൽ നിന്ന് കലവറയില്ലാത്ത പിന്തുണയുടെ കാര്യത്തിൽ മാത്രമാണ് ഉറപ്പ് തേടിയത്. ഇവിടെയെത്തിയപ്പോൾ പാർട്ടി സംവിധാനം കുത്തഴിഞ്ഞ പുസ്തകം പോലെയായിരുന്നു. ഏതെങ്കിലും വ്യക്തിഗത നേതാക്കളെ കുറ്റപ്പെടുത്തില്ല. അങ്ങനെ സംഭവിച്ചു. അത്തരമൊരു ചുറ്റുപാടിൽ ഈ പാർട്ടിയെ എങ്ങനെ വിജയത്തിലെത്തിക്കാനാകുമെന്നതാണ് എന്നെ അലട്ടിയ മുഖ്യപ്രശ്നം. അതുകൊണ്ട് പാർട്ടിയെ സുശക്തമായി അടിത്തട്ടിൽ നിന്ന് സംഘടിപ്പിക്കണം. അസ്ഥിവാരം ശക്തമായാലേ ഏത് സൗധത്തിനും ശക്തിയുണ്ടാകൂ. അതുകൊണ്ട് ആദ്യം ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടുത്താൻ നോക്കി. 25,000 ബൂത്ത് പ്രസിഡന്റുമാരും അത്രതന്നെ വനിതാ വൈസ് പ്രസിഡന്റുമാരുമെത്തി. അതിന്റെ മഹാസംഗമം എറണാകുളത്ത് രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. ദൗർഭാഗ്യവശാൽ പ്രയോഗതലത്തിൽ വന്നപ്പോൾ എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന ആ പദ്ധതി വേണ്ടത്ര ഗുണപരമായില്ല. പ്രാദേശികതലം തൊട്ട് സംസ്ഥാനതലം വരെയുള്ള നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്തുണ്ടാക്കിയവയായിരുന്നു അത്. അവിടെയും ഞാൻ നേതാക്കളെ കുറ്റപ്പെടുത്തുന്നില്ല. എത്രയോ വർഷമായി കൂടെ നിൽക്കുന്നവരെ പിണക്കാനാരും തയാറായില്ല. യാഥാർത്ഥ്യബോധം അവരെ പറഞ്ഞു മനസ്സിലാക്കിക്കാനുമായില്ല. കമ്മിറ്റികളൊക്കെ നിർജ്ജീവമായി. അതിന്റെ ഏറ്റവും വലിയ തെളിവ് നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലുണ്ടായി. ഗൃഹസന്ദർശനം നടത്തിയില്ല. ഇവിടെ നിന്ന് കൊടുത്ത പോസ്റ്ററുകൾ പോലും വീടുകളിലെത്തിച്ചില്ല. പ്രകടനപത്രിക വളരെ ആലോചിച്ച് തയാറാക്കി. അതിന്റെ കോപ്പി പോലും പല ഓഫീസുകളിലും കെട്ടിക്കിടക്കുന്നതാണ് കണ്ടത്. ദുർബലമായ കമ്മിറ്റികളെ മാറ്റിയെടുക്കണമെന്നാഗ്രഹിച്ച് തുടങ്ങിയ യാത്ര പൂർത്തിയാക്കാനായില്ല. 14 ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷരെയും രാഹുൽഗാന്ധി നേരിട്ട് അഭിമുഖം നടത്തിയെടുത്തതാണ്. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളും ഒരിടത്തും പുനഃസംഘടിപ്പിക്കാനായില്ല. കഴിവും കാര്യശേഷിയും പാർട്ടിയോട് പ്രതിബദ്ധതയും ജനങ്ങളോട് കൂറുമുള്ളവർക്കാണ് ചുമതല കൊടുക്കേണ്ടത് എന്ന വാശിയുണ്ടായിരുന്നെങ്കിലും അടിത്തട്ടിലെ യാഥാർത്ഥ്യം നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്ത് അവർ നിശ്ചയിക്കുന്ന തരത്തിലായിരുന്നു. പാർട്ടി സംവിധാനം മൊത്തത്തിൽ ദുർബലമായിരുന്നു.
? എല്ലാ തലത്തിലുമുള്ള പിന്തുണയെന്ന ഹൈക്കമാൻഡിന്റെ ഉറപ്പ് നടപ്പായില്ലെന്നാണോ...
- അവർ പൂർണ്ണ സ്വാതന്ത്ര്യം എനിക്ക് നൽകിയതാണ്. സത്യത്തിലത് അവർ ആത്മാർത്ഥമായി പറഞ്ഞതാണ്. പക്ഷേ, അടിത്തട്ടിലേക്ക് വന്നപ്പോൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്ന തരത്തിലല്ല കാര്യങ്ങൾ പോയത്. ഒരു കമ്മിറ്റിയും എനിക്ക് സ്വന്തമായി നിശ്ചയിക്കാനാവാത്ത തരത്തിലുള്ള വിലക്കുകളും തർക്കങ്ങളുമുണ്ടായി. ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. പരമ്പരാഗതമായി ഇവിടെ നിലനിൽക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ജീർണത തന്നെയാണ് കാരണം. ഒന്നോ രണ്ടോ നേതാക്കളുടെ തലയിലല്ല ഉത്തരവാദിത്തം.
? പതിറ്റാണ്ടുകളായി എ, ഐ ഗ്രൂപ്പുകളെ നയിക്കുന്ന ഉമ്മൻ ചാണ്ടി- രമേശ് ചെന്നിത്തല ദ്വയങ്ങളുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാനായില്ലേ...
- അതിനപ്പുറവും ഗ്രൂപ്പുണ്ട്. ഞങ്ങൾ തന്നെയാണ് നേതാക്കളെന്ന് പറയുന്നവർ വേറെയുമുണ്ട്. അവർക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലൊക്കെ അവരും നീങ്ങി. അങ്ങനെയൊരു സങ്കീർണമായ സാഹചര്യമായിരുന്നു. അത് മാറ്റിയെടുക്കാതെ പാർട്ടിക്ക് മുന്നോട്ട് പോകാനാവില്ല. ഒന്നോ രണ്ടോ നേതാക്കളുടെ തലയിൽ കുറ്റമാരോപിക്കുന്നതും ശരിയല്ല. എല്ലാവരും ഉത്തരവാദികളാണ്. എന്റെ കമ്മിറ്റിയിൽ വർക്കിംഗ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ജനറൽസെക്രട്ടറിമാരും സെക്രട്ടറിമാരും ഡി.സി.സി പ്രസിഡന്റുമാരും ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുമില്ലേ. എല്ലാവരും കുറ്റമേറ്റെടുക്കണം. ഗ്രൂപ്പ് രാഷ്ട്രീയം പെട്ടെന്നവസാനിപ്പിക്കണമെന്നിപ്പോൾ പറയുന്ന പലരും സമീപദിവസം വരെ ഗ്രൂപ്പിന്റെ ശക്തരായ വക്താക്കളായിരുന്നു. ഏതായാലും ബോധോദയം അവർക്കെല്ലാമുണ്ടായിയെന്നതിൽ ചാരിതാർത്ഥ്യമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനമഹായാത്ര ഓരോ ദിവസവും ജനമേറ്റെടുക്കുകയായിരുന്നു. ആ യാത്രയിൽ ആയിരക്കണക്കിനാളുകൾ വഴിനീളെ സ്വീകരിക്കാനെത്തി. കേരളത്തിലെ കോൺഗ്രസ് ശക്തമായാൽ, എം.പിമാരെ ലോക്‌സഭയിലേക്കയച്ചാൽ, കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനാകും വിധം കോൺഗ്രസ് ഉയർന്നുവരുമെന്ന് കണക്കാക്കി. എല്ലായിടത്തും നരേന്ദ്രമോദിയുടെ വർഗീയഫാസിസത്തിനെതിരെയും കേരളത്തിലെ ഇടതുസർക്കാരിന്റെ കൊള്ളരുതായ്മയെപ്പറ്റിയുമാണ് തുറന്നുകാട്ടിയത്. ഒന്ന് വർഗീയഫാസിസ്റ്റുകളും ഒന്ന് സോഷ്യൽ ഫാസിസ്റ്റുകളുമാണ്. രണ്ട് പേരെയും ആക്രമിച്ചു. അതിലേറ്റവും ശക്തമായി മോദിക്കെതിരെയായിരുന്നു. ജനങ്ങളതേറ്റുവാങ്ങി. ജനങ്ങളുടെ നാഡിമിടിപ്പ് മനസ്സിലാക്കാനായത് കൊണ്ടാണ് 20-20 എന്ന് പറഞ്ഞത്. പലരും പരിഹസിച്ചു. പക്ഷേ ഫലം വന്നപ്പോൾ 19 സീറ്റുകൾ കിട്ടി. ആ വിജയത്തിനുത്തരവാദികൾ ഈ പാർട്ടിയെ സ്നേഹിക്കുന്ന പതിനായിരക്കണക്കിന് പാവപ്പെട്ടവരും നിസ്വാർത്ഥമതികളുമായ ജനമാണ്. കേരളീയപൊതുസമൂഹത്തിന്റെ മനസ്സ് മതേതരമാണ്. ജനാധിപത്യബോധത്തിലധിഷ്ഠിതമാണ്. ഏറ്റവും മികച്ച സ്ഥാനാർത്ഥികളെയും കണ്ടെത്താനായി.
? തദ്ദേശതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായി, പരാജയം അനാഥനാണ് എന്ന അന്നത്തെ താങ്കളുടെ പ്രതികരണം സ്വാനുഭവവെളിച്ചത്തിലായിരുന്നോ...
പരാജയം പരാജയമായി തന്നെ കാണുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റ് നോക്കിയാൽ വോട്ട് നിലയിൽ ഞങ്ങൾക്കായിരുന്നു മുൻതൂക്കം. പക്ഷേ വോട്ടുകൾ കിട്ടിയപ്പോഴും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും നഷ്ടപ്പെട്ടു. എന്താണ് കാരണം. ഓരോയിടത്തും നിറുത്തേണ്ട സ്ഥാനാർത്ഥികൾ ആ സ്ഥലത്തെ ജനസമ്മതിയുള്ളവരായിരുന്നോയെന്ന് ചോദിച്ചാൽ അല്ലായിരുന്നു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പോലെയല്ല. വാർഡിൽ സ്ഥാനാർത്ഥികൾ വരുമ്പോൾ അവർക്ക് ജനങ്ങളുടെ നിത്യജീവിതത്തിൽ സ്വാധീനമുണ്ടാവണം. ആളുകൾക്ക് വിളിപ്പാടകലെ കിട്ടണം. രാഷ്ട്രീയപരിഗണനയ്ക്കപ്പുറം കണ്ടെത്തേണ്ടവരാണ്. അവരെ കണ്ടെത്തുന്നതിൽ ഞങ്ങൾക്ക് പരാജയമുണ്ടായി. ഞാൻ കൃത്യമായ മാർഗ്ഗനിർദ്ദേശം കൊടുത്തിരുന്നു. ഓരോ വാർഡിലും പ്രവർത്തകരെ വിളിച്ച് ജാതിമത പരിഗണനകളില്ലാതെ ജനസമ്മതി മാത്രം മാനദണ്ഡമാക്കാൻ നിശ്ചയിച്ചു. ഒരിടത്തും നടന്നില്ല. അട്ടിമറിക്കപ്പെട്ടു.
? അട്ടിമറിക്കപ്പെട്ടത് എങ്ങനെയായിരുന്നു...
- ജില്ലാതലത്തിലെത്തുമ്പോൾ ഡി.സി.സി അദ്ധ്യക്ഷരൊക്കെ സമ്മർദ്ദങ്ങൾക്ക് വിധേയരായി പ്രാദേശികനേതാക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നീക്കി. തിരുവനന്തപുരത്ത് എവിടെയെങ്കിലും കമ്മിറ്റികൾ വിളിച്ചോ? ഇവിടത്തെ എയും ഐയും ചേർന്ന് തീരുമാനിച്ചു. അപ്പോൾ സംസ്ഥാനതല നേതാക്കളൊക്കെ നിസ്സഹായരാകുന്നതാണ് കണ്ടത്. നല്ല സ്വഭാവമുള്ള, ജനങ്ങൾക്കിഷ്ടമുള്ള സ്ഥാനാർത്ഥികളാവണം. ഏതെല്ലാം തരത്തിൽ സ്വഭാവശുദ്ധിയില്ലാത്ത സ്ഥാനാർത്ഥികളാണ് കടന്നുവന്നത്. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം എല്ലായിടത്തും ഉണങ്ങാത്ത മുറിവായിരുന്നു. ആ മുറിവുണക്കുന്നതിൽ കമ്മിറ്റികൾ പരാജയപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, സീറ്റ് നിഷേധിക്കപ്പെട്ടവരുടെയൊക്കെ വേദന കണ്ടെത്തണം. ആ മുറിവിൽ മരുന്ന് പുരട്ടണം. പക്ഷേ എവിടെയും മുറിവുണക്കിയില്ല. നേരേ നിയമസഭാതിരഞ്ഞെടുപ്പിലേക്ക് പോയി. നിരാശരായ പ്രവർത്തകർക്ക് എവിടെയാണ് ആത്മാർത്ഥത കാണിക്കാനാവുക. പലേടത്തും അതിന്റെ ദൂഷ്യഫലമുണ്ടായി.
? തദ്ദേശഫലം വന്നപ്പോൾ പല ഡി.സി.സി തലപ്പത്തും മാറ്റമെന്ന നിർദ്ദേശവും അട്ടിമറിക്കപ്പെട്ടു...
- എം.എൽ.എമാരും എം.പിമാരും ഡി.സി.സി പ്രസിഡന്റുമാരായ മൂന്ന് ജില്ലകളിൽ അടിയന്തര മാറ്റത്തിന് തീരുമാനിച്ചു. ആ പ്രക്രിയ വളരെപ്പെട്ടെന്ന് നടത്തേണ്ടതായിരുന്നു. കഴിവുള്ളവരെ സംസ്ഥാനനേതൃത്വത്തിലെടുക്കുകയും ഒഴിവാക്കേണ്ടവരെ ഒഴിവാക്കുകയും വേണം. പക്ഷേ, പ്രഖ്യാപനം അഖിലേന്ത്യാതലത്തിൽ നടത്തി, പ്രക്രിയ പൂർത്തിയായതുമില്ല. അപ്പോൾ ഈ പ്രസിഡന്റുമാർ ദുർബലരായി. പുറത്തേക്ക് പോകാനിരിക്കുന്നവരെന്ന നിലയിൽ അവർക്ക് വിശ്വാസ്യത നഷ്ടമായി. വല്ലാത്ത പ്രതിസന്ധിയാണവർ അഭിമുഖീകരിച്ചത്.
? എന്തുകൊണ്ടാണത് നടക്കാതെ പോയത്
- സമവായത്തിലെത്താനാവാതെ പോയി.
? വെൽഫെയർ പാർട്ടി സഖ്യമില്ലെന്ന താങ്കളുടെ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയതും തദ്ദേശതിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിമർശനമുയർന്നില്ലേ...
- വെൽഫെയർപാർട്ടി ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ രാഷ്ട്രീയച്ചിറകാണ്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടരുത് എന്നത് എ.ഐ.സി.സിയുടെ നിലപാടാണ്. അത് പറയാനുള്ള ബാദ്ധ്യത സംസ്ഥാന അദ്ധ്യക്ഷനായ എനിക്കുണ്ട്. സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള താരിഖ് അൻവർ മുസ്ലിമാണ്. അദ്ദേഹം ഇക്കാര്യം എല്ലാ ജില്ലകളിലും പോയി പറഞ്ഞില്ലേ. അഖിലേന്ത്യാ ജനറൽസെക്രട്ടറിയായ കെ.സി.വേണുഗോപാൽ നാലഞ്ച് ജില്ലകളിൽ ഈ നിലപാട് വിശദീകരിച്ചു. അതല്ലേ വിശദീകരിക്കാനാവൂ. അതിൽ പിണക്കമുണ്ടായിയെന്ന് പറയുന്നതിൽ അർത്ഥമില്ല. തിരഞ്ഞെടുപ്പ് ഫലത്തെ അത് ബാധിച്ചുവെന്നതിലൊന്നും അർത്ഥമില്ല. ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംസഹോദരന്മാർ എല്ലാവരും വെൽഫെയർ പാർട്ടിക്കാരല്ല. അവഗണിക്കാവുന്ന ചെറുന്യൂനപക്ഷം മാത്രമാണ്. ഇത് തിരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന് വിശ്വസിക്കാനുള്ള മൗഢ്യമെനിക്കില്ല. മറ്റ് ന്യൂനപക്ഷവിഭാഗക്കാരിലുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ്. ഉറച്ച പാർട്ടിനിലപാടേ എനിക്കെടുക്കാനാവൂ. പാൻ ഇസ്ലാമിക് മൂവ്മെന്റിന്റെ ഭാഗമായല്ലേ ജമാഅത്തെ ഇസ്ലാമി. അതിന്റെ ഭാഗമായ രാഷ്ട്രീയപാർട്ടിയുമായി കോൺഗ്രസിന് ബന്ധപ്പെടാനാവില്ലെന്ന് എ.ഐ.സി.സി തീരുമാനമെടുത്ത സ്ഥിതിക്ക് കാര്യങ്ങൾ വ്യക്തമാണ്. എന്നാൽ, ഈ രാജ്യത്തെ മുസ്ലിംന്യൂനപക്ഷങ്ങൾക്ക് തുടക്കം മുതലുണ്ടായ പ്രശ്നങ്ങളിൽ മുൻപന്തിയിൽ അവർക്കൊപ്പമുണ്ടായി. കെ.പി.സി.സി പുന:സംഘടനാചർച്ചാവേളയിൽ 25 ദിവസത്തോളം ഡൽഹിയിലുണ്ടായിരുന്ന ഞാൻ ജെ.എൻ.യുവിലെ വിദ്യാർത്ഥിപ്രക്ഷോഭങ്ങളുടെ മുൻപന്തിയിലായിരുന്നു. ജാമിയ മില്ലിയയിലെ പതിനായിരങ്ങൾ സമരം നടത്തിയപ്പോൾ അവർക്കൊപ്പം മുൻപന്തിയിൽ ഞാനുണ്ടായിരുന്നു. കോഴിക്കോട് കടപ്പുറത്ത് ഷഹീൻബാദ് സ്ക്വയർ സമരപരിപാടിയിൽ ഒരു ദിവസത്തെ മുഖ്യപ്രഭാഷണവും ഞാനായിരുന്നു. എല്ലാ ഘട്ടങ്ങളിലും മുസ്ലിംന്യൂനപക്ഷത്തിന്റെ വികാരത്തെ ഉയർത്തിപ്പിടിച്ചാണ് ഞാൻ പോയിട്ടുള്ളത്.ക്രൈസ്തവരോടും ഇതുതന്നെയായിരുന്നു സമീപനം. എന്റെ നിലപാടിൽ ഏതെങ്കിലും ഘട്ടത്തിൽ വെള്ളം ചേർത്തുവെന്ന് ആർക്കും പറയാനാവില്ല. ഞാൻ ആത്യന്തികമായി ആത്മാർത്ഥതയുള്ള കോൺഗ്രസുകാരനാണ്. ആ കോൺഗ്രസുകാരന് അത്തരമൊരു നിലപാടേ എടുക്കാനാവൂ. അതിന്റെ പേരിൽ എന്തെല്ലാം തെറ്റിദ്ധാരണ എന്റെ പേരിലുണ്ടാക്കി? ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്നാണ് അതെല്ലാമുണ്ടായത്. അതേറ്റുപിടിക്കാൻ എന്റെ പാർട്ടിയിലെ അഭ്യുദയകാംക്ഷികളുണ്ടായെന്നത് ദൗർഭാഗ്യം.
? പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിച്ചത് പാർട്ടിക്കകത്താണോ...
- ചില കേന്ദ്രങ്ങളിൽ നിന്നെന്നേ പറയുന്നുള്ളൂ. എനിക്കെതിരെ അക്രമമഴിച്ചുവിടാനുള്ള വിഷയമെന്ന നിലയിൽ അതിനെയെടുത്തു. പാർട്ടിക്കകത്തുമുണ്ടായിട്ടുണ്ട്.
? തിരഞ്ഞെടുപ്പ് തിരിച്ചടികളുണ്ടായപ്പോൾ ഏറ്റവുമധികം വിമർശനമേറ്റുവാങ്ങേണ്ടി വന്നത് പ്രസിഡന്റായിരുന്നു...
- തിരഞ്ഞെടുപ്പ് നടത്തിയത് ഞാൻ മാത്രമല്ല. ഒരു കൂട്ടായ ഉത്തരവാദിത്വമായിരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അങ്ങനെയായിരുന്നു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയല്ലേ പത്തംഗ സമിതിയെ നിയോഗിച്ചത്. ഇലക്‌ഷൻ മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് കമ്മിറ്റി. എല്ലാവരുമുണ്ടായില്ലേ ആ കമ്മിറ്റിയിൽ. ശശി തരൂർ അടക്കമുള്ളവരെ ഉൾപ്പെടുത്തി. വേണുഗോപാൽ, താരിഖ് അൻവർ, ഉമ്മൻ ചാണ്ടി, രമേശ്, ഞാൻ. സുധാകരൻ, മുരളീധരൻ. ഞാനാ കമ്മിറ്റിയിലെ അംഗം മാത്രമാണ്. പരാജയപ്പെട്ടുകഴിഞ്ഞാൽ ഉത്തരവാദിത്വം ഞാൻ മാത്രമേറ്റെടുക്കണമെന്ന് പറഞ്ഞാൽ ആ വാദം അംഗീകരിക്കാനാകുമോ? എങ്കിൽപോലും കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയിൽ ധാർമ്മികമായ ഉത്തരവാദിത്വം ആരുടെ തലയിലും വയ്ക്കുന്നില്ലെന്ന് പറഞ്ഞ് ഏറ്റെടുത്തവനാണ് ഞാൻ. അതാണെന്റെ രാഷ്ട്രീയചരിത്രം.
അതാണെന്റെ രാഷ്ട്രീയശൈലിയും സംസ്കാരവും. ഒളിച്ചോടുന്നവനല്ല. പരാജയത്തെ പരാജയമായി കാണാൻ, അത് വിലയിരുത്താൻ, യാഥാർത്ഥ്യബോധത്തോടെ പഠിച്ച് പരിഹാരം കാണുകയാണെന്റെ സമീപനം. ഉത്തരനെ പോലെ ഒളിച്ചോടേണ്ട സാഹചര്യമുണ്ടായില്ല. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയമുണ്ടായപ്പോൾ ഒളിച്ചോടിപ്പോകില്ല, രാജി സമർപ്പിക്കാൻ സന്നദ്ധനായി നിൽക്കുകയാണെന്ന് പറഞ്ഞു. ഇട്ടെറിഞ്ഞ് പോയാൽ പറയും, നിർണായകഘട്ടത്തിൽ ചുമതലയേറ്റെടുക്കാതെ ഒളിച്ചോടി, അനാഥമാക്കിയിരിക്കുന്നു കെ.പി.സി.സി ഓഫീസ് എന്ന്. ആ പഴിയും ആരോപണവും കേൾക്കാതിരിക്കാനാണ് തീരുമാനമെടുത്തത്. അതുകഴിഞ്ഞ് ഞാൻ സോണിയഗാന്ധിക്കും രാഹുൽഗാന്ധിക്കും സംഘടനാ ജനറൽസെക്രട്ടറിക്കും ആന്റണിക്കും താരിഖ് അൻവറിനും രാജിക്കത്ത് കൊടുത്തു. എന്റെ കാര്യത്തിൽ പെട്ടെന്ന് തീരുമാനമുണ്ടാക്കണം. അതുവരെ കുറച്ചുദിവസം തുടരാം, പക്ഷേ രാജിയായി കാണണമെന്ന് പറഞ്ഞു.
? ആന്റണി എന്തു പറഞ്ഞു...
- എന്റെ ഭാഗത്ത് നിന്നൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് എ.കെ. ആന്റണിക്ക് നന്നായറിയാമായിരുന്നു. എല്ലാവരുടെയും വീഴ്ചയായാണ് അദ്ദേഹം കണ്ടത്. അതദ്ദേഹം പരസ്യമായി പറഞ്ഞില്ലെന്നേയുള്ളൂ. എ.ഐ.സി.സിയുടെ വീഴ്ചയുണ്ടായിട്ടില്ലേ. അവരല്ലേ ഒരു ജനറൽസെക്രട്ടറിയെയും മൂന്ന് സെക്രട്ടറിമാരെയും മാസങ്ങളോളം കേരളത്തിൽ താമസിപ്പിച്ച് കമ്മിറ്റികൾ പുന:സംഘടിപ്പിക്കാനും ഊർജിതമാക്കാനും ശ്രമിച്ചത്. ആർക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാവില്ല.
? പ്രതിപക്ഷനേതാവെന്ന നിലയിൽ താൻ നന്നായി പ്രവർത്തിച്ചു, പക്ഷേ സംഘടന ദുർബലമായിരുന്നു എന്ന് രമേശ് ചെന്നിത്തല ഒരു ഘട്ടത്തിൽ പറഞ്ഞു...
- അതിൽ ഞാൻ രമേശിനെ കുറ്റപ്പെടുത്താനാഗ്രഹിക്കുന്നില്ല. അദ്ദേഹം ഇവിടെ ഉയർത്തിക്കൊണ്ടുവന്ന കുറേ അഴിമതിയാരോപണങ്ങളുണ്ട്. കൊവിഡ് കാലത്താണെന്ന് മനസിലാക്കണം. വലിയ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാനാവില്ല. എന്നാൽ അദ്ദേഹം പറഞ്ഞ എല്ലാ ആരോപണങ്ങളും തുറന്നുകാട്ടുന്നതിനായി കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്ഥാനത്തെല്ലായിടത്തും ഡി.സി.സികളുടെ ആഭിമുഖ്യത്തിൽ സമരപരിപാടികൾ നടത്തിയിട്ടുണ്ടെന്നത് ആർക്കും നിഷേധിക്കാനാവില്ല. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും നടത്തിയ എല്ലാ സമരപരിപാടികളിലും ഒന്നുകിൽ ഞാൻ ഉദ്ഘാടനമോ മുഖ്യപ്രഭാഷണമോ നടത്താനുണ്ടായി. നൂറ് ശതമാനം പിന്തുണ പ്രതിപക്ഷനേതാവിന് കൊടുത്തു. പഴയതുപോലെ പ്രത്യക്ഷസമരപരിപാടികളിൽ ആയിരക്കണക്കിനാളുകളെ സംഘടിപ്പിക്കാൻ കേഡർപാർട്ടികളായ സി.പി.എമ്മിനോ ബി.ജെ.പിക്കോ സാധിക്കില്ല. അർദ്ധ കേഡർ പാർട്ടി പോലുമല്ലാത്ത കോൺഗ്രസിന് അപ്പോളെങ്ങനെ സാധിക്കും. പക്ഷേ എല്ലാ സഹായങ്ങളും നൽകി. ആർക്കും പരാതി പറയാനാവില്ല.
? ഗ്രൂപ്പുകളില്ല എന്ന് പുതിയ ഭാരവാഹികളെല്ലാം പറയുന്നു, ഗ്രൂപ്പില്ലാത്ത കോൺഗ്രസ് കേരളത്തിൽ സാദ്ധ്യമാണോ..
- ഞാനെല്ലാ കാലത്തും ഗ്രൂപ്പെന്ന പദപ്രയോഗത്തോട് അലർജിയുള്ളയാളാണ്. അതിന്റെ ജീർണത കണ്ടവനാണ് ഞാൻ. 1980 വരെ ഞാനിവിടെ പ്രബലമായ ഗ്രൂപ്പിന്റെ ഏറ്റവും മുകളിൽ നിൽക്കുന്ന നേതാക്കളിലൊരാളായിരുന്നു. കരുണാകരൻ- ആന്റണി ഭിന്നിപ്പിന്റെ വേളയിൽ ഞാൻ ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നു. കെ. കരുണാകരന്റെ വലംകൈയായി പ്രവർത്തിച്ചു. പക്ഷേ 1980ന് ശേഷം എനിക്ക് പൂർണ്ണമായി ബോദ്ധ്യപ്പെട്ടു. ഈ ഗ്രൂപ്പ് രാഷ്ട്രീയം നിഷ്ഫലമാണ്. അത് പാർട്ടിയെ ദുർബലപ്പെടുത്തും. ഗുണം ചെയ്യില്ല. ആത്മഹത്യാപരമായ പോക്കാണെന്ന് മനസിലാക്കിയ ആളാണ് ഞാൻ. അതിന് ശേഷം ഞാനെടുത്ത നിലപാട്, ആശയപരമായ ഗ്രൂപ്പല്ലാതെ വ്യക്തിനിഷ്ഠമായ ഗ്രൂപ്പുകൾ ഒരിക്കലും പാർട്ടിക്ക് ഗുണം ചെയ്യില്ല എന്നതാണ്. ഇരുഗ്രൂപ്പുകളോടും സമദൂരസിദ്ധാന്തം ഞാൻ പാലിച്ചത് അതിനാലാണ്. എന്നാൽ വ്യക്തിപരമായി നേതാക്കളോട് നല്ല ബന്ധമുണ്ട്. ഏത് ഗ്രൂപ്പിൽ പെട്ടതായാലും മിടുക്കരായ, പാർട്ടി കൂറുള്ള, കഠിനാദ്ധ്വാനികളായവർക്ക് നല്ല പ്രോത്സാഹനവും പിന്തുണയും എപ്പോഴും കൊടുത്തിട്ടുമുണ്ട്.
? ജംബോകമ്മിറ്റികൾ വേണ്ടെന്ന് നിലപാടെടുത്തപ്പോൾ താങ്കൾക്ക് കെ.പി.സി.സി പുന:സംഘടിപ്പിച്ചു കിട്ടാൻ
ഒന്നര വർഷമെടുക്കേണ്ടി വന്നു, നിലപാട് വിജയിച്ചുമില്ല. താങ്കൾക്ക് സാധിക്കാത്തത് പുതിയ പ്രസിഡന്റിന് സാധിക്കുമോ...
- യാഥാർത്ഥ്യബോധത്തിൽ കാര്യങ്ങൾ നിരീക്ഷിക്കുമ്പോൾ തീർച്ചയായും ആലോചിച്ച് ഏറ്റവും മിടുക്കരെ കണ്ടെത്തി ചുമതല കൊടുക്കണം. സുധാകരനും ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെട്ടുവെന്ന് മനസ്സിലാക്കുന്നു. അദ്ദേഹം ശക്തനായ ഗ്രൂപ്പ് നേതാവായിരുന്നു, കെ.പി.സി.സി അദ്ധ്യക്ഷനാകുന്നത് വരെയും. കാര്യങ്ങൾ അദ്ദേഹത്തെപ്പോലുള്ളവർക്ക് ബോദ്ധ്യപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്. ഇതാണ് ഞാനനുഭവിച്ച ദു:ഖവും പ്രയാസവും. അദ്ദേഹത്തിന് അത് സാധിക്കട്ടെ. പക്ഷേ അത് പിന്നീടൊരു ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമായി നാളെ പരിണമിക്കരുത്. ഗ്രൂപ്പുകളില്ല എന്ന് പറയുമ്പോൾ മറ്റൊരു പുതിയ ഗ്രൂപ്പിന്റെ ഉദയമായി മാറിയാൽ കൂടുതൽ ആപത്കരമായിരിക്കും. ആത്മഹത്യാപരമായിരിക്കും.
? ഇരട്ടപ്പദവി വിഷയത്തിൽ അങ്ങെടുത്ത നിലപാടും തിരുത്തപ്പെടുകയാണ്...
- എം.പിമാരും എം.എൽ.എമാരും ഭാരവാഹികളാവേണ്ട എന്ന് ഞാൻ നിലപാടെടുത്തു. എം.എൽ.എമാരിൽ പലരും അന്ന് ലോക്‌സഭയിലേക്ക് പോയവരാണ്. ലോക്‌സഭയിലേക്ക് പോയപ്പോൾ അവിടെ ഭരണമില്ല, സൗകര്യമില്ല. അവർ ആഗ്രഹിച്ചത് പോലെ സ്വപ്ന സാക്ഷാത്കാരമില്ലാതെ പോയപ്പോൾ കുറേപേർ തിരിച്ചുവരാനാഗ്രഹിച്ചു. ഞാൻ പറഞ്ഞു നടക്കില്ല. സമ്മതിക്കുന്ന പ്രശ്നമില്ല. നേമത്ത് കരുത്തനായ സ്ഥാനാർത്ഥിയെ തരുമെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞു. ആ അന്വേഷണവുമായി പോയപ്പോൾ മുരളീധരൻ തന്നെയാണ് ആ വെല്ലുവിളി ഏറ്റെടുക്കാമെന്ന് പറഞ്ഞത്. സന്തോഷമായി. ഇരട്ടപ്പദവിയുടെ കാര്യത്തിൽ ഞാൻ കർക്കശ നിലപാടെടുത്തത് പാർലമെന്ററിപദവിയിലിരിക്കുന്നവർക്ക് എത്രത്തോളം പാർട്ടിയോട് നൂറുശതമാനം നീതി പുലർത്താനാകുമെന്ന ആശങ്ക കൊണ്ടാണ് പറഞ്ഞത്. അല്ലാതെ ഏതെങ്കിലും വ്യക്തിയെ പ്രവർത്തനരംഗത്ത് നിന്ന് മാറ്റിനിറുത്താനാഗ്രഹിച്ചിട്ടല്ല. ഫലപ്രദമായി പ്രവർത്തിക്കുന്ന എം.എൽ.എയ്ക്ക് നിയോജകമണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കണം. ഞാൻ ഏഴ് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ്. ഓരോ തവണയും ഭൂരിപക്ഷം വർദ്ധിച്ചത് ജനങ്ങളുമായി 24 മണിക്കൂറും പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ മണ്ഡലം. എം.എൽ.എയാണെങ്കിൽ കുറേക്കൂടി വലുതാണ് ഉത്തരവാദിത്വം.
? നിയമസഭാ തിരഞ്ഞെടുപ്പിൽ താങ്കൾ മത്സരിക്കണമെന്ന ആവശ്യമുയർന്നിട്ടും പിന്മാറിയതെന്തായിരുന്നു...
- 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിർബന്ധപൂർവ്വം ഞാൻ മത്സരിക്കണമെന്ന് സോണിയഗാന്ധിയും രാഹുൽ ഗാന്ധിയും അപൂർവ്വമായി അഭിപ്രായം പറയുന്ന ഡോ. മൻമോഹൻസിംഗും വരെ പറഞ്ഞു. ഞാനൊറ്റ ശാഠ്യമായിരുന്നു. ഞാനൊരു വലിയ ദൗത്യമേറ്റെടുക്കാനാണ് എന്നെ നിങ്ങൾ പറഞ്ഞയച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം എം.പിമാരെ അയക്കണമെന്നാണ് ആവശ്യപ്പെട്ടത്. അത് പാലിക്കണമെങ്കിൽ ഒരു നിയോജകമണ്ഡലത്തിൽ മാത്രം തളയ്ക്കപ്പെട്ട് നിന്നാൽ പ്രത്യേകിച്ച് ഞാൻ മത്സരിക്കുന്നത് കണ്ണൂർ, വടകര, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിദുർഗങ്ങൾ. അവരെന്നെ ഒഴിവാക്കാൻ തയാറായില്ല. നോമിനേഷൻ സമർപ്പിച്ചാൽ മാത്രം മതി, ജയിക്കും എന്നുവരെ ഒരു ഘട്ടത്തിൽ പറഞ്ഞു. ഞാനത് തയാറായില്ല. ഇതുതന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും. ഇഷ്ടമുള്ള മണ്ഡലം തിരഞ്ഞെടുക്കാൻ പറഞ്ഞു. ആർക്കാണ് അങ്ങനെയൊരു ഭാഗ്യം കിട്ടുക. ആ അസുലഭ ഭാഗ്യം ലഭിച്ച കേരളത്തിലെ ഏക ആൾ ഞാനാണ്. അവർക്കൊരു കാഴ്ചപ്പാടുണ്ടായിരുന്നു. ഞാനീ തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നെങ്കിൽ ഫലത്തെ അനുകൂലമായി സ്വാധീനിക്കുമെന്ന നിഗമനമായിരിക്കാം ഒരുപക്ഷേ അവരെ നയിച്ചത്. അപ്പോഴും 2019ലെ നിലപാടെടുത്തു. 140 മണ്ഡലങ്ങളിലും ഓടിയെത്തണം. ദിവസങ്ങൾ കുറവാണ്. അതുകൊണ്ടുതന്നെ എനിക്ക് ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങാനാവില്ല. മലബാറിലെല്ലായിടത്തും കടുത്ത പോരാട്ടമായിരുന്നു. അതുകൊണ്ട് ശ്രദ്ധിച്ചേ മതിയാകൂ, ഒഴിവാക്കണമെന്ന് പറഞ്ഞു. കണ്ണൂരിൽ മത്സരിക്കാൻ സുധാകരനും അവിടത്തെ കോൺഗ്രസുകാരും പറഞ്ഞു. കല്പറ്റയിൽ മത്സരിക്കാൻ വയനാട്ടുകാർ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ മത്സരിക്കാൻ ഏകകണ്ഠമായി എല്ലാവരും പറഞ്ഞു. ഞാൻ ജനിച്ചുവളർന്ന എല്ലാവരെയും പേരെടുത്ത് വിളിക്കാനാകുന്ന കരതലാമലകം പോലെ എനിക്ക് സുപരിചിതമായ വടകരയിൽ പോലും ഞാൻ നോമിനേഷൻ കൊടുത്തില്ല. എനിക്കങ്ങനെ പാർലമെന്ററി മോഹമില്ല. എനിക്ക് ദീർഘമായ ഇന്നിംഗ്സ് ആയിരുന്നു. ഒരു തവണ കൂടി മത്സരിച്ചാൽ ഏറ്റവുമധികം കാലം ലോക്‌സഭയിലെത്തിയ ആളാകുമായിരുന്നു. പ്രോടെം സ്പീക്കറാകുമായിരുന്നു ഇത്തവണ. എനിക്കങ്ങനെ മോഹങ്ങളില്ല. പാർട്ടി കൂറാണ് പ്രധാനം.
? കോൺഗ്രസിന് തിരിച്ചുവരാനാകുമോ...
കോൺഗ്രസ് കേരളത്തിൽ തീർച്ചയായും തിരിച്ചുവരും. വേണ്ടത് കൂട്ടായ്മയും ഐക്യവുമാണ്. പരമ്പരാഗതമായി കോൺഗ്രസ് സഹായിച്ച ന്യൂനപക്ഷങ്ങൾ, അവഗണിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്ന പിന്നാക്ക വിഭാഗക്കാർ, അവശദുർബല ജനവിഭാഗക്കാരായ പട്ടികജാതി-പട്ടികവർഗക്കാർ, വിശ്വകർമ്മ തുടങ്ങിയവരെയൊന്നും ചേർത്തുനിറുത്താനായില്ല. അവരെയൊക്കെ ചേർത്തുനിറുത്താനുള്ള തന്ത്രമാണ് വേണ്ടത്. ഒരിടത്തും കടൽത്തീരത്ത് ഇത്തവണ കോൺഗ്രസിനെ തുണച്ചില്ല. എവിടെയാണ് വീഴ്ച പറ്റിയത്. ആഴക്കടൽ മീൻപിടുത്തത്തെപ്പറ്റി പറഞ്ഞു. കടൽത്തീരത്തെ പ്രതിസന്ധിയെപ്പറ്റി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ദുരിതത്തെപ്പറ്റി പറഞ്ഞു. ഓഖിസമയത്തെ പ്രയാസത്തെപ്പറ്റി പറഞ്ഞു. എന്തുകൊണ്ട് അവരുടെ ഹൃദയത്തിലെത്തി വോട്ട് നേടിയെടുക്കാനാകാതെ പോയി. ഇങ്ങനെ ഒരുപാട് മൗലികമായ ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരം കണ്ടെത്തി പരിഹരിക്കണം. ഇവർക്കാർക്കും കോൺഗ്രസിനോട് ആജന്മ ശത്രുതയില്ല. സമീപകാലം വരെ കോൺഗ്രസിന് വോട്ടുചെയ്തവരാണ്. അവരെ തിരിച്ചുകൊണ്ടുവരണം. പിന്നാക്കക്കാരുടെ മനസ്സിൽ വല്ലാത്ത അന്യഥാബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നിസ്സാരമല്ല. അതവസാനിപ്പിച്ച് അവർ കോൺഗ്രസിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവപങ്കാളിത്തമുണ്ടെന്ന് വരുത്തേണ്ടത് കോൺഗ്രസിന്റെ ആവശ്യം. പിണറായി വിജയൻ, കെ.കെ. ശൈലജ തുടങ്ങി ഇടതുമുന്നണിക്ക് 27 എം.എൽ.എമാരാണ് പിന്നാക്കവിഭാഗത്തിൽ നിന്നുള്ളത്. അവർക്ക് എല്ലാവരെയും വിജയിപ്പിച്ചെടുക്കാനായല്ലോ. അപ്പോൾ നമ്മളെന്ത് ചെയ്തു? ആരും കോൺഗ്രസ് വിരുദ്ധരല്ല. ആരും കോൺഗ്രസിനോട് വൈരാഗ്യം പുലർത്തേണ്ട സാഹചര്യവുമില്ല. അവരെയെല്ലാം കോൺഗ്രസിനോട് ചേർത്തുനിറുത്തുന്ന സമീപനം സമീപകാലത്ത് നമുക്ക് നഷ്ടമായി. കെ. കരുണാകരന്റെയും ആന്റണിയുടെയും കാലത്ത് തന്ത്രങ്ങൾ ഇങ്ങനെയായിരുന്നില്ല. അവർ ഈ സമുദായങ്ങളെ ചേർത്തുനിറുത്തിയാണ് പോയത്. എല്ലാവർക്കും സമതുലിതമായ രൂപത്തിൽ പ്രാതിനിദ്ധ്യം കൊടുത്ത് പരമാവധി അംഗീകാരം കൊടുത്ത് പോയി. അതിൽ അക്ഷന്തവ്യമായ വീഴ്ചയുണ്ടായി. തെറ്റ് തിരുത്തൽ പ്രക്രിയയുമായി പോയി ചർച്ച നടത്തി പരിഹരിക്കണം.
? കെ. സുധാകരന് ഉപദേശനിർദ്ദേശങ്ങൾ വല്ലതും...
- സുധാകരൻ പാർട്ടി പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്ന നേതാവാണ്. അദ്ദേഹത്തെ സംബന്ധിച്ച് യുവാക്കൾക്ക് വലിയ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയ്ക്കനുസരിച്ച് പാർട്ടി നിലപാടിൽ വെള്ളം ചേർക്കാതെ പ്രവർത്തകരെ ഒന്നിച്ചൊന്നായി അണിനിരത്തി മറ്റ് പരിഗണനകളൊന്നുമില്ലാതെ, വിഭാഗീയതകൾക്കും സങ്കുചിതതാല്പര്യങ്ങൾക്കും വിധേയനാകാതെ മുന്നോട്ട് പോകണം. എങ്കിൽ വിജയശ്രീലാളിതനായ കെ.പി.സി.സി പ്രസിഡന്റാകുമെന്നതിൽ സംശയമില്ല. എല്ലാവരെയും ചേർത്തു പിടിക്കണം. സമന്വയത്തിന്റെയും സമവായത്തിന്റെയും ഭാഷയായിരിക്കണം.
? ഭാവി പരിപാടികൾ...
- എനിക്ക് ദീർഘമായ ഇന്നിംഗ്സ് ഡൽഹിയിലുണ്ടായി. ഞാൻ സംതൃപ്തനാണ്. ഞാൻ സ്വാതന്ത്ര്യസമര സേനാനിയുടെ മകനാണ്. കുട്ടിക്കാലത്തേ സ്വാതന്ത്ര്യസമര കഥകൾ കേട്ടാണ് വളർന്നത്. കോൺഗ്രസ് എനിക്ക് വികാരവും ആവേശവുമാണ്. എന്റെ സിരകളിലോടുന്നത് കോൺഗ്രസിന്റെ രക്തമാണ്. എന്റെ പ്രാണനാണ് ഈ പാർട്ടി. ഗാന്ധിജി എന്റെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ചെലുത്തിയെങ്കിലും എന്റെ വീക്ഷണത്തിൽ സ്വാധീനം ചെലുത്തിയ നേതാവ് പണ്ഡിറ്റ് നെഹ്റുവാണ്. അദ്ദേഹമാണ് സോഷ്യലിസത്തെയും മതേതര ജനാധിപത്യ തത്വത്തെയും കുറിച്ചാദ്യം പറഞ്ഞത്. ഏതെങ്കിലും ഔദ്യോഗികപദവി ആഗ്രഹിച്ചല്ല ഞാനീ പ്രസ്ഥാനത്തിലേക്ക് വന്നത്. ഈ പ്രസ്ഥാനത്തിലൂടെ രാജ്യത്ത് മാറ്റമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന ലക്ഷോപലക്ഷം കോൺഗ്രസ് പ്രവർത്തകരിലൊരാളാണ്. കോൺഗ്രസ് എനിക്കൊരു സംസ്കാരവും മതവുമാണ്. അധികാരമോ പദവിയോ വേണ്ട. ഈ നാട്ടിലെ കോൺഗ്രസുകാർക്കൊപ്പം മുഖ്യധാരയിലുണ്ടാകും. വർഗീയഫാസിസ്റ്റ് പ്രസ്ഥാനമായ ആർ.എസ്.എസിനെതിരെയും അവരുമായി കൈകോർത്ത് പോകുന്ന സോഷ്യൽ ഫാസിസ്റ്റ് പ്രസ്ഥാനമായ സി.പി.എമ്മിനെതിരെയും പോരാട്ടവുമായി പോകും. മുഖ്യശത്രു ആർ.എസ്.എസാണെങ്കിൽ അവരോടൊപ്പം ചുവടുറപ്പിച്ച് ഓരോ ഘട്ടത്തിലും പോയ സി.പി.എമ്മാണ് രണ്ടാമത്തെ മുഖ്യശത്രു.