riyas

കോഴിക്കോട്: പൊതുമരാമത്ത് പ്രവൃത്തികളിൽ അലംഭാവം കാട്ടുന്ന കരാറുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിൽ റോഡ്, കിഫ്ബി, പാലം, ദേശീയപാത വിഭാഗങ്ങളിൽ പെടുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ ഓൺലൈനായി വിളിച്ചു ചേർത്ത എം.എൽ.എമാരുടെയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പല പ്രവൃത്തികളും പൂർത്തീകരിക്കാൻ സമയം നീട്ടിക്കൊടുത്തത് സംബന്ധിച്ച് ജനങ്ങളിൽ നിന്ന് വ്യാപകമായ പരാതി ലഭിക്കുന്നുണ്ട്. നിശ്ചിത സമയ പരിധിക്ക് ശേഷം വർഷങ്ങളായിട്ടും പല പ്രവൃത്തികളും പൂർത്തീകരിച്ചിട്ടില്ല. കൈതപ്പൊയിൽ അഗസ്ത്യമൂഴി, തിരുവമ്പാടി പുന്നക്കൽ, വടക്കുമ്പാട് വഞ്ചിപ്പാറ, ചക്കിട്ടപ്പാറ, പേരാമ്പ്ര -ചെമ്പ്ര- കൂരാച്ചുണ്ട്, നരിക്കുനി- പുന്നശ്ശേരി
റോഡുകൾ ഉദാഹരണങ്ങളാണ്. ഏറ്റെടുത്ത പ്രോജക്ടുകൾ കാലാകാലങ്ങളായി അവരവരുടെ കൈയിലിരിക്കുമെന്ന് കരാറുകാർ പ്രതീക്ഷിക്കരുത്. സൈറ്റുകളിൽ ഇടക്കിടെ പരിശോധന നടത്തി ഉദ്യോഗസ്ഥർ ഫലപ്രദമായി ഇടപെടണം. കരാറുകാരുടെ ഭാഗത്ത് നിന്ന് പ്രശ്‌നമുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കുറ്റ്യാടി ബൈപ്പാസ് നിർമ്മാണത്തിൽ അടിയന്തിര ശ്രദ്ധ പതിപ്പിക്കും. കുറ്റ്യാടി ചുരം പുനർ നിർമാണം ഗൗരവമായി പരിഗണിക്കും. പൊതുമരാമത്ത് പ്രവൃത്തികൾ സംബന്ധിച്ച് എം.എൽ.എമാർ നൽകിയ റിപ്പോർട്ട് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പരിശോധിക്കും. നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ റോഡുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. കിഫ്ബി പ്രവൃത്തികൾ നിർദ്ദിഷ്ട സമയത്ത് പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങളെല്ലാം കൂട്ടായ പ്രവർത്തനങ്ങളാക്കി മാറ്റണം. വകുപ്പുകൾ തമ്മിൽ ഏകോപനവും വേണം. പദ്ധതികൾക്ക് സാങ്കേതിക അനുമതി നൽകുന്നതിൽ ഉദ്യോഗസ്ഥർ കാലതാമസം വരുത്തരുത്. പരമാവധി ഫയലുകൾ ഇ ഫയലുകളാക്കി അന്നന്ന് തീർപ്പാക്കണം. സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കണം. വകുപ്പുമായി ബന്ധപ്പെട്ട് മാതൃകാപരമായ ഇടപെടലുകൾ നടന്ന ജില്ലയാണ് കോഴിക്കോടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. എം.എൽ.എമാരിൽ നിന്ന് വിവരശേഖരണം നടത്തിയ ശേഷം ജീവനക്കാരുമായി സംസാരിച്ച് നടപടിയെടുക്കും. ഇതിനോടകം ഒമ്പത് ജില്ലകളിൽ ജീവനക്കാരുമായി കൂടിക്കാഴ്ച പൂർത്തിയാക്കി. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ജില്ലാ കളക്ടർ സാംബശിവ റാവു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ടറേറ്റിൽ നിന്ന് എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, കാനത്തിൽ ജമീല, കെ.എം. സച്ചിൻദേവ്, പി.ടി.എ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ. വിജയൻ, കെ.കെ. രമ, കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ലിന്റോ ജോസഫ്, എം.കെ. മുനീർ എന്നിവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.