kottiyoor

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കല പൂജയ്ക്കുള്ള കലങ്ങൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. വൈശാഖ മഹോത്സവത്തിന്റെ ആറാം ഘട്ടമായ മകം നാൾ തൊട്ടുള്ള അകം ചടങ്ങുകൾക്ക് അക്കരെ സന്നിധിയിൽ തുടക്കമായി. ഇതിൽ പ്രധാനപ്പെട്ട ചടങ്ങാണ് കലം വരവ്. യാഗോത്സവത്തിലെ അതി പ്രധാന ചടങ്ങുകളാണ് മകം, പൂരം, ഉത്രം നാളുകളിൽ നടക്കുന്ന കലശപൂജകൾ. ഈ ചടങ്ങുകൾക്കാവശ്യമായ മൺകലങ്ങൾ അക്കരെ ക്ഷേത്രത്തിലെത്തിക്കുന്ന ചടങ്ങാണ് കലം വരവ്. നല്ലൂരാൻ സ്ഥാനികരാണ് ഇതിനവകാശികൾ.

മുഴക്കുന്നിലെ നല്ലൂർ ഗ്രാമത്തിലെ ചൂട്ടാലകളിൽ നിന്ന് ഇളനീരാട്ടത്തിന്റെ പിറ്റേന്നാൾ മുതൽ വ്രതാനുഷ്ഠാനത്തോടെ കലം നിർമ്മാണം തുടങ്ങും. ബുധനാഴ്ച്ച നല്ലൂരാൻ സ്ഥാനികൻ മുഴുവൻ സമുദായങ്ങളെയും കലം എഴുന്നള്ളിക്കാൻ ക്ഷണിച്ചു. സ്ഥാനികന്റെ കയ്യിൽ നിന്നും വെറ്റില വാങ്ങിയ 12 പേരാണ് കലം എഴുന്നള്ളിച്ചത്. ഇത് പ്രകാരം 12 എണ്ണം വീതം 10 കെട്ടുകളാക്കിയും18 എണ്ണം വീതം 2 കെട്ടുകളുമാക്കി വെക്കും. 156 കലങ്ങളും പനയോലയിലാണ് കെട്ടിവെക്കുക. ഊണിന് ശേഷം പ്രത്യേക പ്രാർത്ഥനകളോടെയാണ് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. നല്ലൂരിൽ നിന്നും പുറപ്പെട്ട സംഘം
കാക്കയങ്ങാട് കൊക്ക കാവിൽ ചെനക്കൽ ചടങ്ങ് നടത്തി.
രാത്രിയോടെ കലങ്ങൾ അക്കരെ ക്ഷേത്രത്തിലെത്തിച്ചു. ഈ കലങ്ങൾ കലശ പൂജക്കായി ദിവസേന നെല്ലൂരാൻ സ്ഥാനികൻ എടുത്തുകൊടുക്കും വെള്ളിയാഴ്ച്ച മുതൽ കലശ പൂജ ചടങ്ങുകൾ തുടങ്ങും. ജൂൺ 20ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം അനുസരിച്ച് ഭക്തജന സാന്നിദ്ധ്യമില്ലാതെയാണ് ചടങ്ങുകൾ നടക്കുന്നത്.