reservation

മഹാരാഷ്ട്രയിൽ 2014-ൽ നടപ്പിലാക്കിയ 16 ശതമാനം മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കിയത് സർക്കാർ നിയമനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും അനുവദിക്കുന്ന സംവരണം അത്യപൂർവ സാഹചര്യങ്ങളിലല്ലാതെ 50 ശതമാനം എന്ന പരിധി ലംഘിക്കരുതെന്ന പ്രസിദ്ധമായ ഇന്ദ്രാസാഹ്നി കേസിലെ വിധിയുടെ ലംഘനമാണെന്ന് കണ്ടെത്തിയാണ് .

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇപ്പോൾ അനുവദിച്ചിട്ടുള്ള 10 ശതമാനം സംവരണം നിലവിലുള്ള 50 ശതമാനം പിന്നാക്ക സംവരണത്തെ മറികടന്നാണ് നടപ്പിലാക്കിയിട്ടുള്ളത്.
ആകെ സംവരണം 50 ശതമാനം എന്ന പരിധി മറികടന്നത് ഏതെങ്കിലും അത്യപൂർവ സാഹചര്യത്തിലാണെന്ന് കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അവകാശപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, സംസ്ഥാനത്ത് നടപ്പാക്കിയ 10 ശതമാനം മുന്നാക്ക സംവരണം സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിൽ നിയമപരമായി നിലനില്‌ക്കില്ല.

സാമൂഹ്യനീതി അട്ടിമറിക്കുന്നു

നാല് ലക്ഷം രൂപയ്ക്ക് താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽപ്പെട്ടവർക്കാണ് സംസ്ഥാന സർക്കാർ മുന്നാക്ക സംവരണത്തിന്റെ ആനുകൂല്യം നൽകിയിട്ടുള്ളത്. സംസ്ഥാന ജനസംഖ്യയുടെ 20 ശതമാനം മാത്രം വരുന്ന മുന്നാക്കക്കാരിൽ പരമാവധി 10 ശതമാനം മാത്രമേ നാല് ലക്ഷം എന്ന വരുമാന പരിധിയിൽ വരാൻ സാദ്ധ്യതയുള്ളൂ. അതായത്, ആകെ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രം (എണ്ണത്തിൽ ഏഴ് ലക്ഷം ) വരുന്ന മുന്നാക്ക വിഭാഗമാണ് 10 ശതമാനം സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറിയിരിക്കുന്നത്.

ഇനി, പിന്നാക്ക സംവരണത്തിന് അവലംബിച്ച മാനദണ്ഡം എന്താണെന്ന് പരിശോധിക്കാം. ആകെ ജനസംഖ്യയിൽ ക്രീമിലെയർ ഒഴികെയുള്ള പിന്നാക്ക വിഭാഗത്തിന്റെ പ്രാതിനിദ്ധ്യം ഏതാണ്ട് 60 ശതമാനമാണ്. എണ്ണത്തിൽ 2.1 കോടിയോളം വരുന്ന ഈ വിഭാഗത്തിന് 40 ശതമാനം സംവരണമാണ് അനുവദിച്ചിട്ടുള്ളത്. പിന്നാക്ക സംവരണത്തിന് അവലംബിച്ച മാനദണ്ഡമനുസരിച്ച് 1.3 ശതമാനം മാത്രം സംവരണത്തിന് അർഹതയുള്ളപ്പോഴാണ് അതിന്റെ എട്ട് മടങ്ങോളം വർദ്ധിച്ച നിരക്കിൽ മുന്നാക്ക സംവരണം അനുവദിച്ചത്.

അനർഹമായ നിരക്കിൽ അനുവദിച്ച മുന്നാക്ക സംവരണം സംസ്ഥാനത്ത് നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയെ ഏതൊക്കെ വിധത്തിൽ അട്ടിമറിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഇതിനകം കണ്ടുതുടങ്ങി. ഉദ്യോഗനിയമനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമുള്ള മത്സരപരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന പട്ടിക, പിന്നാക്ക വിഭാഗക്കാർ പുറന്തള്ളപ്പെടുമ്പോൾ വളരെ താഴ്‌ന്ന മാർക്ക് ലഭിക്കുന്ന മുന്നാക്കക്കാർ തിരഞ്ഞെടുക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ 1500-ാം റാങ്ക് ലഭിച്ച പിന്നാക്കക്കാരൻ പുറത്തായപ്പോൾ 2500-ാം റാങ്കുകാരനായ മുന്നാക്കക്കാരൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഏകപക്ഷീയമായ ഉത്തരവ്

മുന്നാക്ക സംവരണം അട്ടിമറിക്കുന്നതിന് മുൻപ് നാല് ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവരുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുകയോ എന്തെങ്കിലും പഠനം നടത്തുകയോ ചെയ്തതായി സംസ്ഥാന സർക്കാർ അവകാശപ്പെട്ടിട്ടില്ല. മറിച്ച്, 'പരമാവധി 10 ശതമാനം" എന്ന നിയമവ്യവസ്ഥയെ നിർബന്ധമായും 10 ശതമാനം എന്ന് ദുർവ്യാഖ്യാനം ചെയ്ത് ഏകപക്ഷീയമായി മുന്നാക്ക സംവരണം നടപ്പാക്കുകയാണ് ചെയ്തത്. നഗര പ്രദേശങ്ങളിൽ 20 കോടിയിലധികം വിലമതിക്കുന്ന 50 സെന്റ് ഭൂമി സ്വന്തമായുള്ളവർക്ക് പോലും മുന്നാക്ക സംവരണം ലഭിക്കുന്ന വിധം ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ യുക്തിബോധം അപാരം.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

ഇപ്പോൾ നടപ്പാക്കിയ മുന്നാക്ക സംവരണം പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങളെ ഒരുവിധത്തിലും ദോഷകരമായി ബാധിക്കില്ലെന്നാണ് സർക്കാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചുവരുന്നത്. പിന്നാക്ക വിഭാഗക്കാർക്ക് കൂടി അവകാശപ്പെട്ട മെരിറ്റ് ക്വാേട്ടയിൽ പത്തുശതമാനം കുറവ് വരുത്തിയാണ് മുന്നാക്ക സംവരണം നടപ്പാക്കിയതെന്ന യാഥാർത്ഥ്യം മറച്ചുവച്ചാണ് ജനങ്ങളെ കബളിപ്പിക്കുന്ന അസത്യപ്രസ്താവനകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇത് വഞ്ചന

സംസ്ഥാനത്തെ പട്ടിക, ഹിന്ദു പിന്നാക്ക വിഭാഗങ്ങളിൽ ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റ് ചിഹ്‌നം നോക്കി വോട്ട് ചെയ്യുന്നവരാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ജനസംഖ്യയുടെ 45 ശതമാനത്തോളം വരുന്ന ഇൗ വിഭാഗത്തിന് തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോഴും മന്ത്രിസഭകൾ രൂപീകരിക്കുമ്പോഴും ഇടതു പാർട്ടികൾ അർഹമായ പരിഗണന നൽകിവന്നിരുന്നു. എന്നാൽ, സമീപകാലത്ത് പിന്നാക്ക വിഭാഗങ്ങളോടുള്ള ഇൗ സമീപനത്തിൽ കാര്യമായ മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ ഹിന്ദു പിന്നാക്ക വിഭാഗങ്ങൾ തഴയപ്പെട്ടെന്ന ആക്ഷേപം വ്യാപകമായി ഉയർന്നുവരികയുണ്ടായി. 2016- ലെ 20 അംഗ മന്ത്രിസഭയിൽ പട്ടിക, പിന്നാക്ക വിഭാഗങ്ങൾക്ക് 11 മന്ത്രിമാരുടെ പ്രാതിനിദ്ധ്യം ഉണ്ടായപ്പോൾ നിലവിലെ 21 അംഗ മന്ത്രിസഭയിൽ അവരുടെ പ്രാതിനിദ്ധ്യം നേർപകുതിയായി കുറഞ്ഞു. എല്ലാ കാലത്തും തങ്ങളോടൊപ്പം നിലകൊണ്ടിട്ടുള്ള പിന്നാക്ക വിഭാഗങ്ങളോട് ഇടത് പാർട്ടികൾ ഇപ്പോൾ കാണിച്ചുവരുന്നത് അവഗണനയല്ല, കൊടിയ വഞ്ചനയും നെറികേടുമാണ്.

പൂഴ്ത്തിവയ്ക്കുന്നു

``മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നാക്ക സംവരണം പുനഃപരിശോധിക്കും'' ഇതായിരുന്നു കോടതി വിധിയെക്കുറിച്ച് മുൻ നിയമമന്ത്രി എ.കെ. ബാലന്റെ ആദ്യ പ്രതികരണം. എന്നാൽ, അതിന് ശേഷം അദ്ദേഹം പൂർണമായും നാവിറങ്ങിയ അവസ്ഥയിലായിരിക്കുന്നു. നാവടക്കാൻ മുകളിൽ നിന്ന് ആജ്ഞ ലഭിച്ചു എന്ന് പറയുന്നതാകും കൂടുതൽ ശരി. എന്തായാലും കഴിഞ്ഞ മേയ് അഞ്ചിന് പുറപ്പെടുവിച്ച കോടതി വിധി ഇനി വെളിച്ചം കാണാത്തവിധം പൂഴ്ത്തിവച്ചു കഴിഞ്ഞു.

മെഡിക്കൽ പി.ജി പ്രവേശനത്തിന് അവലംബിച്ച സംവരണ അനുപാതം കേട്ടാൽ ആരും ഞെട്ടിവിറച്ചു പോകും. ജനസംഖ്യയുടെ അറുപത് ശതമാനത്തിന് മേൽ ഗുണഭോക്തരായുള്ള പട്ടികേതര പിന്നാക്ക വിഭാഗങ്ങൾക്ക് ആകെ ഒൻപത് ശതമാനം സംവരണം അനുവദിച്ചപ്പോൾ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗത്തിന് നൽകിയത് പത്ത് ശതമാനം സംവരണം. അതായത്, പിന്നാക്ക സമുദായങ്ങളെക്കാൾ 33 മടങ്ങ് വർദ്ധിച്ച നിരക്കിലാണ് മുന്നാക്ക സംവരണം നടപ്പാക്കിയത്. ഒരുവിധത്തിലും നീതീകരിക്കാനാകാത്ത തലതിരിഞ്ഞ ഇൗ ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത് സ്വാഭാവികം. കേസിലെ ഹർജിക്കാരൻ ഉന്നയിച്ച ആക്ഷേപങ്ങൾ പരിശോധിച്ച് നാല് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് മാറാത്ത സംവരണ വിധിയോടൊപ്പം സർക്കാർ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഘടനകൾ ദുർബലം

പട്ടിക, പിന്നാക്ക സമുദായങ്ങളുടെ അവകാശ സംരക്ഷകരെന്ന് അവകാശപ്പെടുന്ന എണ്ണമറ്റ സംഘടനകളാണ് സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നത്. എന്നാൽ, സമീപകാലത്ത് പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അവഗണനയ്ക്കെതിരെ ശബ്ദമുയർത്തി പ്രതിഷേധിക്കാൻ കഴിയാത്തവിധം ഇൗ സംഘടനകൾ ദുർബലരായി മാറിയിരിക്കുന്നു. പ്രലോഭനങ്ങളിൽ മതിമറന്നും ഭീഷണികൾക്ക് മുമ്പിൽ മുട്ടുവിറച്ചും സർക്കാരിന് മുൻപിൽ കൈകൂപ്പി നിൽക്കുന്ന ഇൗ സംഘടനകളാണ് പിന്നാക്കവിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ സർക്കാരിന് ധൈര്യം പകരുന്നത്.

(മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണറാണ് ലേഖകൻ

ഫോൺ: 9446472520)