പാലോട്: ഒത്തൊരുമയോടെയുള്ള പ്രയത്നത്തിന് ഫലമുണ്ടായത് നന്ദിയോട് ഗ്രാമപഞ്ചായത്തിനാണ്. പഞ്ചായത്ത് ഭരണസമിതി ,പൊലീസ്, ആരോഗ്യ വകുപ്പ് , കാവൽ ഗ്രൂപ്പ്, കർമ്മ സേന, സന്നദ്ധ പ്രവർത്തകർ എന്നിവർ ഒന്നിച്ച് പോരാടി നേടിയ വിജയത്തിന് തിളക്കമേറുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോഴും കരുത്തോടെ നേരിട്ട് ജില്ലയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയ പഞ്ചായത്തായി മാറി നന്ദിയോട്. പഞ്ചായത്തിലെ 18 വാർഡിലും പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തക, ആശ വർക്കർ പ്രത്യോകം വോളന്റിയർമാർ, സന്നദ്ധസേവകർ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് കൊവിഡിനെ പിടിച്ചുനിറുത്താൻ സഹായിച്ചത്.
രോഗബാധിതരെ കണ്ടെത്തി ചികിത്സ നൽകുകയും കുടുബാംഗങ്ങൾക്ക് രോഗം പകരാതിരിക്കുവാനുള്ള നിർദ്ദേശങ്ങളും നൽകിയാണ് നന്ദിയോട് പഞ്ചായത്ത് കരുത്ത് കാട്ടിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരുടേയും പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞു എന്നതാണ് പഞ്ചായത്തിന്റെ നേട്ടം. എല്ലാവാർഡിലെയും മെമ്പർമാർ, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്സ്, സേവാഭാരതി തുടങ്ങിയ സംഘടന ഒരേ മനസ്സോടെ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായി. നിലവിൽ ആനകുളം, പാണ്ഡ്യൻപാറ, കള്ളിപ്പാറ, പാലോട് ,പുലിയൂർ ,ടൗൺ, താന്നിമൂട് ,ആലംപാറ എന്നീ വാർഡുകൾ പൂർണ്ണമായും കൊവിഡ് മുക്തമാണ്.
പരിശോധന തുടരും
നന്ദിയോട് പഞ്ചായത്തിലെ നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയെങ്കിലും പൊലീസിന്റെ പരിശോധന തുടരുമെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപത്തെ താത്കാലിക പരിശോധന തുടരുമെന്നും പാലോട് സി.ഐ സി.കെ. മനോജ് അറിയിച്ചു.