വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറ വാർഡിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 11 പേർക്ക് കൂടി രോഗം ബാധിച്ചതോടെ വാർഡിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41 ആയി ഉയർന്നു. രണ്ടാം തരംഗത്തിൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ചത് ആനപ്പാറ വാർഡിലാണ്ഇതുവരെ 146 പേർക്ക് കൊവിഡ് പിടികൂടി. പഞ്ചായത്തിന്റെയും, പൊലീസിന്റെയും, ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയതോടെ രോഗവ്യാപനത്തെ ഒരു പരിധിവരെ തടഞ്ഞുനിറുത്താനായി. ആനപ്പാറയിൽ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, സെക്രട്ടറി ജോസഫ്ബിജു, സി.ഐ വിപിൻഗോപിനാഥ്, സെക്ട്രൽ മജിസ്ട്രേറ്റ് സുനിൽകുമാർ, ബ്ലോക്ക്മെമ്പർ ശ്രീലത,വാർഡ്മെമ്പർ വിഷ്ണു ആനപ്പാറ എന്നിവരെയും നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേർന്ന് വാർഡിനെ കണ്ടെയ്ൻമെന്റ്സോണായി പ്രഖ്യാപിക്കുകയും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി ബോധവത്കരണം നടത്തുകയും, മെഡിക്കൽക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യും.
വിതുരയിൽ കർശനനിയന്ത്രങ്ങൾ
ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 25.1 ആയി ഉയർന്നതിനെ തുടർന്ന് വിതുര പഞ്ചായത്തിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളും കൊവിഡ് മുക്തമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ആനപ്പാറ വാർഡ് ഉൾപ്പടെ ചിലവാർഡുകളിൽ രോഗികളുടെ എണ്ണം ഉയർന്നതോടെയാണ് ടി.പി.ആർ കുത്തനെ ഉയർന്നത്. ഇതോടെ പഞ്ചായത്തിലെ 17 വാർഡുകളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട അവസ്ഥയിലാണ്. നേരത്തേ പഞ്ചായത്തിലെ 17 വാർഡുകളിലായി അഞ്ഞൂറിൽപരം പേർക്ക് രോഗം പിടികൂടി. 16 പേർ മരണപ്പെട്ടു. അനവധി പൊലീസുകാർക്കും, ആരോഗ്യവകുപ്പ് ജീവനക്കാർക്കും കൊവിഡ് ബാധിച്ചു. ഇതോടെ പ്രതിരോധപ്രവർത്തനങ്ങൾ താളം തെറ്റുകയും പഞ്ചായത്തിലെ മുഴുവൻ വാർഡുകളേയും കണ്ടെയ്ൻമെന്റ് സോണായി കലക്ടർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും, പൊലീസിന്റെയും, ആരോഗ്യവകുപ്പിന്റെയും, വാർഡ് മെമ്പർമാരുടെയും, നേതൃത്വത്തിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയതോടെ കൊവിഡ് വ്യാപനം ഗണ്യമായി കുറയുകയായിരുന്നു. മാത്രമല്ല ടി.പി.ആർ നിരക്ക് പത്തിൽ താഴെ എത്തുകയും ചെയ്തു. എന്നാൽ ഇൗയാഴ്ച അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ടെസ്റ്റ് പേസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്നു.നിയന്ത്രണത്തിന്റെ ഭാഗമായി വിതുര പൊലീസ് എല്ലാഭാഗത്തും കർശനപരിശോധനകളാണ് നടത്തുന്നത്. അനവാശ്യമായി പുറത്തിറങ്ങിയവരേയും, മാസ്ക് ധരിക്കാത്തവരേയും, സാമൂഹിക അകലം പാലിക്കാത്തവരേയും പിടികൂടി കേസെടുത്തു.
സഹകരിക്കണം
വിതുര പഞ്ചായത്തിലെ കൊവിഡ് വ്യാപനത്തിന് തടയിട്ട്, ടി.പി.ആർ.നിരക്ക് കുറക്കുന്നതിന് നാട്ടുകാരുടെ സഹകരണം അത്യാവശ്യമാണ്. അനാവശ്യമായി പുറത്തിറങ്ങരുത്, രണ്ട് മാസ്ക് നിർബന്ധമായും ഉപയോഗിക്കണം, സാമൂഹികഅകലം പാലിക്കണം. ടൂറിസം മേഖലകളിൽ സഞ്ചരിക്കരുത്
വിപിൻഗോപിനാഥ്-വിതുര സി.ഐ
അനീസ്-വിതുര എസ്.ഐ