വർഷങ്ങൾക്ക് മുമ്പ് വനംവകുപ്പിന്റെ ഒരു പരസ്യമുണ്ടായിരുന്നു. ഒരു കരിങ്കുരങ്ങിന്റെ പടം കൊടുത്തിട്ട് 'ഞങ്ങളിൽ ഔഷധമൂല്യമില്ല, ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ" എന്നായിരുന്നു പരസ്യം.
പാലക്കാട് നെന്മാറയിൽ യുവതി രഹസ്യ വിവാഹം കഴിച്ച യുവാവിനൊപ്പം പത്തുവർഷത്തോളം ഒളിച്ച് താമസിച്ച സംഭവത്തിൽ ഇരുവരുടെയും പടം കൊടുത്തിട്ട് ഇവരെ ജീവിക്കാൻ അനുവദിക്കൂ എന്ന രീതിയിൽ ഒരു പരസ്യം കൊടുക്കുന്നത് നല്ലതായിരിക്കും. കാരണം മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. എന്നാൽ ചില കാര്യങ്ങളിൽ ആടിനെ പട്ടിയാക്കുന്ന പൊലീസ് ഈ സംഭവത്തിൽ വളരെ ശരിയായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ജീവിതത്തിൽ ദുരൂഹതയും നിയമലംഘനവും ഇല്ലെന്നുള്ള റിപ്പോർട്ടാണ് പൊലീസ് നൽകിയിരിക്കുന്നത്. ഇത് ഇവിടംകൊണ്ട് അവസാനിപ്പിക്കണം. അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ. അവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ വിടുക. ഒന്നുമില്ലെങ്കിലും പത്തുവർഷത്തിനിടയിൽ യുവാവ് ആ പെൺകുട്ടിയെ ഉപേക്ഷിച്ചില്ലല്ലോ. ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ അതാണ് ഏറ്റവും വലിയ മനുഷ്യത്വം. ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് പല വീടുകളുടെയും നാല് ചുമരുകൾക്കുള്ളിലാണ്. അതിൽത്തന്നെ ഏറ്റവും പീഡനം അനുഭവിക്കുന്നത് സ്ത്രീകളുമാണ്. കുട്ടികളുടെ ഭാവിയോർത്തും സാമ്പത്തിക സ്വാതന്ത്ര്യമില്ലായ്മയാലും അതൊക്കെ സഹിച്ച് കഴിയുന്ന സ്ത്രീകളുടെ എണ്ണം നമ്മുടെ കേരളത്തിലും കുറവല്ല. അതൊന്നും പുറത്ത് വരാത്തതുകൊണ്ട് മനുഷ്യാവകാശ ലംഘനത്തിന്റെ പട്ടികയിൽ വരുന്നില്ലെന്നേയുള്ളൂ.
വനിതാ കമ്മിഷന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല. ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇടപെടുന്നത് നല്ലതാണ്. പക്ഷേ അതവരെ തുടർന്നും വേട്ടയാടാൻ വേണ്ടിയാകരുത്. ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ എന്നാണ് സംഭവത്തിലെ നായിക സജിത അഭ്യർത്ഥിക്കുന്നത്. വനിതാ കമ്മിഷൻ ഇടപെട്ട് ആ പെൺകുട്ടിക്ക് അംഗൻവാടിയിലെങ്കിലും ഒരു ജോലി വാങ്ങിക്കൊടുത്തിരുന്നെങ്കിൽ അത് നല്ല ഇടപെടലായി മാറുമായിരുന്നു. എല്ലാവർക്കും ജോലി കൊടുക്കുന്നതല്ല കമ്മിഷന്റെ ജോലി എന്നു പറയുമായിരിക്കും. ഇതിനു മുമ്പുള്ള പല വനിതാ കമ്മിഷനുകളും സ്വകാര്യ സ്ഥാപനങ്ങളിൽ പോലും ജോലി വാങ്ങിക്കൊടുത്ത് പല സ്ത്രീകളെയും രക്ഷിച്ചിട്ടുണ്ട്. ഇതൊന്നും ചട്ടത്തിലും നിയമത്തിലും വരുന്ന കാര്യങ്ങളല്ല. അതിനപ്പുറമുള്ള മനുഷ്യത്വത്തിന്റെ പുസ്തകത്തിലാണ് ഇത്തരം കാര്യങ്ങൾ ഉൾപ്പെടുന്നത്.
ഇവിടെ ഒളിവിൽ കഴിഞ്ഞ റഹ്മാൻ മുഹമ്മദും സജിതയും രണ്ട് മതങ്ങളിൽപ്പെട്ടവരാണ്. അതു പുറത്തറിഞ്ഞാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ഭയന്നാവും അവർ ഒളിവിൽ താമസിച്ചത്. ഇത് ആരും അറിഞ്ഞില്ലെന്നതിന് ആലങ്കാരിക അർത്ഥം നൽകിയാൽ മതി. അഥവാ ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ വലിയ പ്രശ്നമൊന്നുമില്ല. ഭരണഘടനയിലെ വ്യവസ്ഥ പ്രകാരം പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും ഒരുമിച്ച് കഴിയാം. അതിന് വിവാഹം പോലും വേണമെന്നില്ലെന്ന കോടതി വിധികൾ അടുത്തകാലത്ത് വന്നിട്ടുണ്ട്. ഇനി അവരെ എല്ലാവരുമറിഞ്ഞ് ജീവിക്കാൻ അനുവദിക്കുകയും ഉദാരമതികളായ വ്യക്തികൾ അതിനുള്ള സാഹചര്യങ്ങൾ ചെയ്തുകൊടുക്കുകയുമാണ് വേണ്ടത്. ഒരു അപൂർവ സംഭവമായി കണക്കിലെടുത്ത് സർക്കാർ തന്നെ അവർക്ക് ഒരു വീട് അനുവദിച്ചാൽ ആരും ദോഷം പറയില്ല.