കല്ലമ്പലം: പറകുന്ന് ആനാംപൊയ്ക റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് നാട്ടുകാർ. മഴ പെയ്താൽ റോഡിൽ കാലുകുത്താനാകാത്ത വിധം വെള്ളകെട്ടാകും. റോഡ് നിറയെ കുണ്ടും കുഴിയുമാണ്. ഇവിടെ മഴപെയ്താൽ ഈ കുഴികളിലെല്ലാം വെള്ളം നിറയും പിന്നെ ഇതുവഴി കാൽനടപോലും പറ്റാതാകും. നാവായിക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെട്ട പറകുന്ന് - ആനാംപൊയ്ക റോഡാണ് നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്നത്. റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. മെറ്റൽ ഇളകി കാൽനട യാത്രപോലും ദുഷ്ക്കരമായ കുത്തിറക്കവും വളവും ഉള്ള റോഡിൽ മഴക്കാലത്ത് ഗതാഗതം അപകടകരമാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്ര വാഹന യാത്രക്കാർക്ക് നിരന്തരം അപകടങ്ങൾ സംഭവിക്കുന്നു. റോഡിന്റെ പല ഭാഗത്തും കാട് കയറിയതിനാൽ ഭയത്തോടെയാണ് ഇതുവഴി യാത്രചെയ്യുന്നത്. പ്രത്യേക പദ്ധതിയിലുൾപ്പെടുത്തി റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.