ബാലരാമപുരം: കൊവിഡ് മഹാമാരിയിൽ നിരാലംബർക്കായി ആരംഭിച്ച ബാലരാമപുരം ഗ്രാമ പഞ്ചായത്ത് സാമൂഹിക അടുക്കള ഒരു മാസം പിന്നിട്ടു. ഇതിനായി 20 വാർഡുകളിലായി നൂറിലേറെ ദ്രുതകർമസേനാംഗങ്ങളെ നിയമിച്ചിട്ടുണ്ട്. സാമൂഹിക അടുക്കളയിൽ ഭക്ഷണം തയ്യാറാക്കൽ, പായ്ക്കിംഗ്, വിതരണം എന്നീ പ്രവർത്തനങ്ങളാണ് സേനാംഗങ്ങൾ ഏറ്റെടുക്കുന്നത്. വിശ്വനാഥ് കല്യാണമണ്ഡപത്തിൽ കഴിഞ്ഞ മാസം 14നാണ് സാമൂഹിക അടുക്കള ആരംഭിച്ചത്. ജനപ്രതിനിധികൾ വാർഡ് തലത്തിൽ ഭക്ഷണമെത്തിച്ച് നൽകും. ഇതിനകം നിരവധി സുമനസ്സുകൾ സമൂഹിക അടുക്കളയിലേക്ക് സഹായമെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സി.പി.ഐ.എം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലും ഭക്ഷണം നൽകി. ലോക്കൽ സെക്രട്ടറി എസ്. രാധാകൃഷ്ണൻ, നേതാക്കളായ എം. ബാബുജാൻ, കാവിൻപുറം സുരേഷ്, ഫ്രെഡറിക് ഷാജി, കാവിൻ പുറം സുരേഷ്, ആർ. മധു, അജ്മൽ ഖാൻ എന്നിവർ നേതൃത്വം നൽകി.