തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിലുണ്ടായിരുന്ന ഒരു പവൻ വരുന്ന മോതിരം മോഷണം പോയെന്ന് പരാതി. ചെമ്പഴന്തി സ്വദേശി കെ. കൃഷ്ണൻകുട്ടിയുടെ (91) മോതിരം മോഷണം പോയതായി ചൂണ്ടികാട്ടി അദ്ദേഹത്തിന്റെ മകൻ കെ. അശോക്‌ കുമാറാണ് പരാതി നൽകിയത്.

കൊവിഡ് ബാധിച്ച് ശാസ്‌തമംഗലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണൻകുട്ടിയെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മേയ് 29നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 30ന് പുലർച്ചെ മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തി നടപടികൾ പൂർത്തിയാക്കി. മോതിരത്തിന്റെ കാര്യം പറഞ്ഞപ്പോൾ അത് തങ്ങൾ ഉൗരി സൂക്ഷിക്കാമെന്ന് നഴ്സുമാർ അറിയിച്ചു. തുടർന്ന് മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. പിന്നീട് അദ്ദേഹം കിടന്നിരുന്ന 28-ാം വാർഡിൽ ബന്ധപ്പെട്ടപ്പോൾ വിലപിടിപ്പുള്ള വസ്‌തുക്കളൊന്നും സൂക്ഷിച്ചിട്ടില്ലെന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ പറഞ്ഞു. ഇക്കഴിഞ്ഞ 1ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷർമ്മദിന് ഇതു സംബന്ധിച്ച് പരാതി നൽകി. നഴ്സിംഗ് ഓഫീസറെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചു. എന്നാൽ ഇത്രയും ദിവസമായിട്ടും വ്യക്തമായ മറുപടി നൽകാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ലെന്നും നഷ്ടപ്പെട്ടത് പിതാവിന്റെ വിവാഹ മോതിരമാണെന്നും അശോക് കുമാർ പറഞ്ഞു. മെ‌ഡിക്കൽ കോളേജ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്‌ത് ഡ്യൂട്ടിയിലുണ്ടായിരുന്നവ‌രുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിന് കത്ത് നൽകിയെങ്കിലും ലിസ്റ്റ് ഇതുവരെയും നൽകിയില്ലെന്ന് എസ്.ഐ ജയശങ്കർ അറിയിച്ചു.