er

വർക്കല: ദേശീയ ജലപാത നവീകരണവുമായി ബന്ധപ്പെട്ട് ടി.എസ്. കനാലിലെ ഡ്രഡ്ജിംഗിനിടെ തകർന്ന വർക്കലയിലെ തീരദേശ റോഡുകളുടെ പുനർനിർമ്മാണം വൈകുന്നതായി ആക്ഷേപം. റാത്തിക്കൽ - ഒന്നാം പാലം വരെയുള്ള റോഡിലെ ഗതാഗതം നിറുത്തിവച്ചിട്ട് ഒരു വർഷത്തോളമാകുന്നു. റോഡിന്റെ പാർശ്വഭാഗങ്ങൾ ഇടിഞ്ഞുവീണ നിലയിലാണ്. തകർച്ചയുണ്ടായ ഭാഗങ്ങളിൽ തെങ്ങിൻ കുറ്റികൾ അടിച്ചും മണ്ണിട്ടും താത്കാലിക പരിഹാരം കണ്ടെത്തിയെങ്കിലും ഇതും പിന്നീട് തകർന്നുവീഴുകയായിരുന്നു. അശാസ്ത്രീയമായ ഡ്രഡ്ജിംഗാണ് റാത്തിക്കൽ റോഡ് തകരാൻ കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം.

ആദ്യം ഇടിഞ്ഞുവീണ റാത്തിക്കൽ പാലത്തിന്റെ സമീപത്ത് ഭാഗികമായി ഫില്ലറുകൾ കെട്ടി നിറുത്തിയത് ഒഴിച്ചാൽ മറ്റുള്ള ഭാഗങ്ങളിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. തീരദേശ റോഡിലെ പാർശ്വഭാഗങ്ങൾ ഇടിഞ്ഞുവീണ സ്ഥലങ്ങളിൽ പൈപ്പ് ലൈൻ, വൈദ്യുതി തൂണുകൾ, ബി.എസ്.എൻ.എൽ കേബിളുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും പൂർണമായും പുനഃസ്ഥാപിക്കാനും അധികൃതർക്കായില്ല.

കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്. അരിവാളം മുതൽ താഴെ വെട്ടൂർ നടപ്പാലം വരെയുള്ള കനാലിന്റെ ഇരു കരകളിലും വളരെ ഉയർന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന ആവശ്യവും ഇനിയും നടപ്പായിട്ടില്ല. ഗതാഗതം തടസപ്പെട്ട് കിടക്കുന്ന റോഡിന്റെ നവീകരണം എത്രയുംവേഗം നടത്തണമെന്നാണ് താഴെ വെട്ടൂർ നിവാസികളുടെ പൊതുവേയുള്ള ആവശ്യം.

തകർന്നത്

റാത്തിക്കൽ പള്ളിയുടെ മുൻവശം മുതൽ റാത്തിക്കൽ തൊട്ടിപ്പാലം വരെയുള്ള 200 മീറ്റർ തീരദേശ റോഡാണ് ഒരു വർഷം മുൻപ് രണ്ട് തവണ ഇടിഞ്ഞുവീണത്. ഇതിനെ തുടർന്ന് താഴെ വെട്ടൂർ മുതൽ ഒന്നാം പാലം വരെയുള്ള തീരദേശ റോഡിലെ ഗതാഗതം നിറുത്തിവയ്ക്കുകയായിരുന്നു.

നിലവിലെ അവസ്ഥ

വർക്കലയിൽ നിന്ന് കടയ്ക്കാവൂർ ഭാഗത്തേക്ക് പോകുന്ന ഏറ്റവും പ്രധാനപ്പെട്ട തീരദേശ റോഡാണ് താഴെ വെട്ടൂർ - റാത്തിക്കൽ അരിവാളം റോഡ്. മൺസൂൺ മഴ ശക്തി പ്രാപിക്കുന്നതോടെ റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂടുമെന്നാണ് വിലയിരുത്തൽ. തീരദേശ റോഡിന്റെ ഒട്ടുമിക്ക ഭാഗത്തും വിള്ളലുകൾ രൂപപ്പെടുന്നുണ്ട്. പലയിടത്തും മണ്ണിടിച്ചിലും തുടരുകയാണ്.

പുനഃരധിവാസം വൈകുന്നു

കനാൽ പുറമ്പോക്കിൽ ഒട്ടേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളും അനിശ്ചിതത്വത്തിലാണ്. പുനരധിവാസം വൈകുന്നതിൽ താമസക്കാർ ആശങ്കയിലാണ്.

തകർന്ന് തരിപ്പണമായിക്കിടക്കുന്ന താഴെ വെട്ടൂർ റാത്തിക്കൽ റോഡിന്റെ നവീകരണം നടത്താൻ അധികൃതർ തയ്യാറാകണം. റോഡിന്റെ പാർശ്വഭാഗങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമിക്കണം. കനാൽ പ്രദേശത്തെ കുടുംബങ്ങളുടെ പുനരധിവാസം നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം.

സമരസമിതി കൺവീനർ, റാത്തിക്കൽ അംനാദ്