o

കടയ്ക്കാവൂർ: മണനാക്ക് ഏലാപ്പുറം റോഡ് അപകടക്കെണിയായിട്ടും അധികൃതർക്ക് അനക്കമില്ല. മണനാക്കിൽ നിന്ന് കൊല്ലമ്പുഴ വഴി ആറ്റിങ്ങലേക്കുള്ള പ്രധാന റോഡാണിത്. എൻ.എച്ച് നാലുവരി പാതയാക്കുന്നതിന്റെ ഭാഗമായി അതുവഴി ഓടിയിരുന്ന വാഹനങ്ങൾ ഈ ഏലാപ്പുറം റോഡ് വഴിയാണ് തിരിച്ചുവിട്ടിരുന്നത്.

കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പ്പെടുന്നത്. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചുമാറ്റിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെടുകയും പിന്നിലിരുന്ന യുവതിയുടെ തലയ്ക്കു സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി തവണ അധികൃതർക്ക് റോഡിനെ സംബന്ധിച്ചു പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഇതിനിടെ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി റോഡിന്റെ ഒരു ഭാഗം പൂർണമായും ഇളകി മാറിയിരിക്കുകയാണ്. പൈപ്പിന്റെ പൊട്ടൽ മാറ്റിയെങ്കിലും റോഡിലെ കുഴി മാറ്റാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇവിടെയാണ് കൂടുതൽ അപകടക്കെണിയായി മാറിയിരിക്കുന്നത്.

റോഡിൽ വൻ കുഴികൾ

ഇരുചക്ര വാഹനങ്ങൾ പതിവായി അപകടത്തിൽ പെടുന്നു

പരാതി നൽകിയെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ

സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

വലിയ കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പടെ ഓടിയതിന്റെ ഭാഗമായിട്ടാണ് ഈ റോഡ് ഇടിഞ്ഞ് താഴ്ന്ന് കുഴികൾ രൂപപ്പെട്ടത്. ആറ്റിങ്ങലിൽ നിന്ന് മണനാക്കിലേക്ക് വരുമ്പോൾ ഈ ഭാഗത്ത് ഇറക്കമായതിനാലും റോഡ് ഇടിഞ്ഞു താഴ്ന്നിരിക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതുകൊണ്ടും ഇവിടെ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്.