തിരുവനന്തപുരം: തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. കോഫി ഹൗസിന് സമീപത്താണിവർ താവളമാക്കിയിരിക്കുന്നത്. കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി പദാർത്ഥങ്ങളുടെ വില്പനയും കൈമാറ്റവും ഇവിടെ നടക്കുന്നതായും പരാതിയുണ്ട്. വഴി യാത്രക്കാർക്ക് ഇതു വഴി കടന്നുപോകാൻ സാധിക്കാത്ത സാഹചര്യമാണ്. സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികളടക്കമുള്ളവർ തമ്പാനൂർ പൊലീസിൽ പരാതി നൽകി. പൊലീസെത്തി ചിലരെ വിരട്ടിയോടിക്കുമെങ്കിലും പിന്നാലെ കൂടുതൽ ആൾക്കാർ വീണ്ടും തമ്പടിക്കും. ലോക്ക്‌ഡൗൺ മാറിയതോടെ പുലർച്ചെ മുതൽ ഇത്തരക്കാരുടെ ശല്യം വർദ്ധിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു.
കാണാതെ നഗരസഭ
തെരുവിൽ അലയുന്നവരടക്കം ഇവിടെ മലമൂത്ര വിസർജ്യം നടത്തി അതിൽ തന്നെ കിടക്കുന്ന ഗുരുതര സ്ഥിതിയുണ്ട്. ഇവരെ പുനരധിവസിപ്പിക്കേണ്ട നഗരസഭ ഇത് കണ്ട ഭാവം നടിക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ നേരത്തെ കുറച്ച് പേരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ചില സന്നദ്ധ സംഘടകൾ ഇവർക്ക് ഭക്ഷണം നൽകുന്നുണ്ട്.