തിരുവനന്തപുരം: എച്ച്.ഐ.വി രോഗികൾക്ക് സർക്കാർ പ്രതിമാസം നൽകുന്ന 1000 രൂപയുടെ പെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം ആരോഗ്യവകുപ്പ് സെക്രട്ടറി നാലാഴ്ചയ്ക്ക് ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജൂലായ് 16ന് പരിഗണിക്കും. എച്ച്.ഐ.വി ബാധിതർക്ക് 6 മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.