jilla-panchaytah

മലയിൻകീഴ്: ജില്ലാ പഞ്ചായത്ത് പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് മൊബൈൽ വാക്സിനേഷൻ യൂണിറ്റ് ഉപയോഗിച്ച് വാക്സിൻ നൽകുമെന്ന് വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേർന്ന് ജില്ലയിലെ 73 ഗ്രാമപായത്തുകളിലെയും പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് വാക്സിൻ നൽകും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ 10ന് മാറനല്ലൂരിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. മാറനല്ലൂർ ദേവഗിരി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംസാരിക്കും.

നാല് മേഖലകളായി തിരിച്ച് നാല് വാഹനങ്ങളിലാണ് വാക്സിനേഷൻ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. വാഹനങ്ങളിൽ ഡോക്ടർ, നഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുണ്ടാകും. ജില്ലയിലെ 1299 വാർഡുകളിൽ ഓരോ വാർഡിലും 4 എണ്ണം വീതം പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മൂന്ന് കോടി രൂപ വിനിയോഗിച്ച് വെന്റിലേറ്റർ ബെഡുകൾ സജ്ജീകരിക്കും. പേരൂർക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട് ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്നും സുരേഷ് കുമാർ പറഞ്ഞു. മലയിൻകീഴ് മീഡിയ സെന്ററിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ: മലയിൻകീഴ് മീഡിയ സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനം. വിളപ്പിൽ രാധാകൃഷ്ണൻ, എ. സുരേഷ് കുമാർ എന്നിവർ സമീപം