പാറശാല: കൊവിഡ് കാലത്ത് നിർദ്ധനരായവർക്ക് കൈതാങ്ങായി ക്ഷീരകർഷക കോൺഗ്രസ്. കൊവിഡിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്നവരെയും കൊവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട കുടുംബങ്ങളെയും കണ്ടെത്തി അവർക്ക് മരുന്നും ഭക്ഷ്യക്കിറ്റുകളും വീട്ടുപടിക്കൽ എത്തിച്ച് നൽകുന്ന ക്ഷീര കർഷക കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകയാവുന്നു.
"വിളിച്ചാൽ ഓടിയെത്തും" എന്ന പദ്ധതി പ്രകാരം കഴിഞ്ഞ 38 ദിവസമായി നടത്തിവന്ന ഇന്ദിരാഗാന്ധി ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുന്നതോടൊപ്പം പരശുവയ്ക്കൽ കോയിക്കൽ കല്ല്യാണ മണ്ഡപത്തിൽ നടന്ന ഇന്ദിരാഗാന്ധി ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സമാപനം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്‌ഘാടനം ചെയ്തു.
ക്ഷീര കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പെരുവിള രവി എന്നിവർ നേതൃത്വം നൽകി. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, സലിംരാജ്, മണ്ഡലം പ്രസിഡന്റുമാരായ സുനിൽ കുമാർ, പവതിയാൻവിള സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പ്രദേശത്തെ ഓട്ടോ, ടെമ്പോ തൊഴിലാളികളായ 1500 ലേറെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും പച്ചക്കറിക്കിറ്റുകളും വിതരണം ചെയ്തു. കൊവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വാഹനവും, ആവശ്യമായ മരുന്നും എത്തിക്കാനുള്ള സംഘടനയുടെ സേവനങ്ങൾ തുടരുന്നതാണ്.