വർക്കല: കൊവിഡ് ലംഘനം പരിശോധിക്കാനെത്തിയ വർക്കല നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറേയും ഡ്രൈവറെയും ഒരു സംഘം ആളുകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. വർക്കല നഗരസഭയിലെ പത്താം വാർഡായ കണ്വാശ്രമത്ത് വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, ഡ്രൈവർ അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അരുൺ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വർക്കല നഗരസഭയിലെ കണ്വാശ്രമത്ത് വ്യാഴാഴ്ച കൊവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ ക്യാമ്പ് ഉണ്ടായിരുന്നു. ഇതിനിടെ പ്രദേശത്ത് നിരവധി പേർ കൂട്ടം കൂടുകയും മാസ്കുകൾ ധരിക്കാതെ കറങ്ങി നടക്കുന്നതായുള്ള വിവരം ആരോഗ്യപ്രവർത്തകർ നഗരസഭ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് നഗരസഭയുടെ കാറിൽ ഡ്രൈവർ അരുണുമൊത്ത്‌ സ്ഥലത്തെത്തിയത്.
കൂട്ടംകൂടി നിൽക്കുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ആളുകൾ പ്രകോപിതരായെത്തി കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് ഇരുവരും വർക്കല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വാഹനത്തിനും അക്രമി സംഘം കേടുപാടുകൾ വരുത്തി. നഗരസഭാ ജീവനക്കാരെ മർദ്ദിച്ച അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നഗരസഭാ ചെയർമാൻ കെ.എം. ലാജി ആവശ്യപ്പെട്ടു.