തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരെ പോരാടാൻ പണം സ്വരൂപിച്ച് ആനാവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. കുട്ടികളുടെ പരിശ്രമത്തെപ്പറ്റി അറിഞ്ഞ മന്ത്രി വി.ശിവൻകുട്ടി ഇവരെ അഭിനന്ദിക്കുകയും ചെയ്തു.
ഏറെ ഇഷ്ടപ്പെട്ട് വളർത്തുന്ന പ്രാവിനെ വിറ്റുകിട്ടിയ തുകയാണ് ഗോപിക .എസ്.എസ് എന്ന വിദ്യാർത്ഥിനി ഓക്സിജൻ ചലഞ്ചിന്റെ ഭാഗമായി കൈമാറിയത്. ആർ.സി.സിയുടെ പുതിയ ഓക്സിജൻ പ്ലാന്റിന് വേണ്ടിയായിരുന്നു ചലഞ്ച്.
ദേവാലയത്തിലേക്ക് കാണിക്കയായി മാറ്റിവച്ച തുക അഞ്ജന .വൈ.ആർ എന്ന വിദ്യാർത്ഥിനിയും കൈമാറി. ഗോപിക, അഞ്ജന, സുഗീഷ്, അഭിനവ് ബി. നായർ എന്നീ വിദ്യാർത്ഥികളും അദ്ധ്യാപകൻ സൗധീഷ് തമ്പിയും ചേർന്ന് തുക അടങ്ങിയ ചെക്ക് മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറി. ചെക്ക് ആർ.സി.സി അഡീഷണൽ ഡയറക്ടർ ഡോ.സജീദിനെ മന്ത്രി ഏൽപ്പിച്ചു.