തിരുവനന്തപുരം: ലോക്ക്ഡൗണിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ. തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങൾ സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും കർശനമായും പാലിക്കണം. ഇത് പരിശോധിക്കുന്നതിനായി കൂടുതൽ പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ട്രെയിൻ, വിമാനയാത്രക്കാർക്ക് ടിക്കറ്റും മറ്റു യാത്രാരേഖകളും കാണിച്ചാൽ യാത്ര അനുവദിക്കും. വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം.
നഗരാതിർത്തി പ്രദേശങ്ങൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച് കർശന പരിശോധന നടത്തും. നഗരത്തിലെ എല്ലാ സ്റ്റേഷൻ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്.
ശനി ഞായർ ദിനങ്ങളിൽ ഇങ്ങനെ
ബിവറേജസ്, ബാറുകളും പ്രവർത്തിക്കില്ല.
ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം.
ചായക്കടകൾ, തട്ടുകടകൾ എന്നിവ തുറക്കരുത്.
മെഡിക്കൽ സ്റ്റോറുകളും, പാൽ, പച്ചക്കറി, അവശ്യ ഭക്ഷണ
സാധനങ്ങൾ വിൽക്കുന്ന കടകളും
രാവിലെ 7 മുതൽ വൈകിട്ട് 7വരെ പ്രവർത്തിക്കാം.