മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് അപ്രത്യക്ഷമായ കപ്പലിന്റേതെന്ന് കരുതുന്ന ശേഷിപ്പുകൾ കണ്ടെത്തിയതായി ഗവേഷകർ. ' ദ ഗ്രിഫിൻ " എന്നറിയപ്പെടുന്ന ' ലെ ഗ്രിഫോൺ " 1679ൽ കന്നിയാത്രയ്ക്കിടെയാണ് അപ്രത്യക്ഷമായത്. യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയതും കുപ്രസിദ്ധവുമായ തിരോധാനമായിരുന്നു ഗ്രിഫിന്റേത്.
വടക്കേ അമേരിക്കയിലെ പഞ്ചമഹാ തടാകങ്ങളായ മിഷിഗൺ, ഇറി, ഹ്യൂറൺ, ഒന്റേറിയോ, സുപ്പീരിയർ എന്നിവയുടെ ആഴങ്ങളിൽ മറഞ്ഞു കിടക്കുന്ന കപ്പൽ അവശിഷ്ടങ്ങൾ തേടിയിറങ്ങുന്നവർക്ക് മുന്നിലെ പ്രധാന വെല്ലുവിളികളിൽ ഒന്നായിരുന്നു ഗ്രിഫിന്റെ അവശിഷ്ടം കണ്ടെത്തുക എന്നത്.
17ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റെനെ റോബർട്ട് കവെലിയർ എന്ന ഫ്രഞ്ച് പര്യവേഷകൻ മഹാതടാകങ്ങളിലൂടെ ചൈനയിലേക്കും ജപ്പാനിലേക്കും യാത്രകൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രിഫിൻ നിർമ്മിച്ചത്. എന്നാൽ, ആദ്യയാത്രയിൽ തന്നെ ഗ്രിഫിൻ അപ്രത്യക്ഷമാവുകയായിരുന്നു.
എന്നാലിപ്പോൾ നീണ്ട 342 വർഷങ്ങൾക്ക് ശേഷം ഗ്രിഫിന്റെ അവശിഷ്ടങ്ങൾ തങ്ങൾ കണ്ടെത്തിയതായി അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റീവ് ലിബേർട്ട്, കാതീ ലിബേർട്ട് എന്നീ ഗവേഷക ദമ്പതികൾ.
ചരിത്രരേഖകൾ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങളിലൂടെയാണ് ഈ കൊളോണിയൽ കാലഘട്ട കപ്പലിന്റെ ശേഷിപ്പുകൾ തിരിച്ചറിഞ്ഞതെന്ന് ഇവർ അവകാശപ്പെടുന്നു. 2018ലാണ് മിഷിഗൺ തടാകത്തിൽ പോവർട്ടി ദ്വീപിന് സമീപം ഒരു കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അന്ന് മുതൽ നടത്തി വന്ന ഗവേഷണങ്ങളിലൂടെയാണ് ശേഷിപ്പുകൾ ഗ്രിഫിന്റേതാണെന്ന നിഗമനത്തിലേക്ക് നയിച്ചത്.
ഗ്രിഫിൻ അപ്രത്യക്ഷമാകുമ്പോൾ ഉടമസ്ഥനായ റെനെ റോബർട്ട് കപ്പലിൽ യാത്ര ചെയ്തിരുന്നില്ല. മരിക്കുന്നത് വരെ തന്റെ കപ്പലിന് എന്താണ് സംഭവിച്ചതെന്നും റെനെയ്ക്ക് അറിവില്ലായിരുന്നു. എന്നാൽ ഇന്ന് അതിനൊരുത്തരം ലഭിക്കാൻ പോകുന്നുവെന്ന് ഗവേഷകനായ സ്റ്റീവ് ലിബേർട്ട് പറയുന്നു.
ഗ്രിഫിന് എന്ത് സംഭവിച്ചു എന്നതിനെ പറ്റി നിരവധി കഥകൾ പ്രചാരത്തിലുണ്ടായിരുന്നു. ശക്തമായ കാറ്റിൽപ്പെട്ട് തകർന്നു എന്നാണ് ഏറ്റവും കൂടുതൽ പ്രചാരമുള്ള വാദം. ആദിമ അമേരിക്കൻ വംശജർ കപ്പലിലുണ്ടായിരുന്ന ആറ് ജീവനക്കാരെയും കൊന്ന ശേഷം കപ്പലിന് തീയിടുകയായിരുന്നുവെന്നും കഥകളുണ്ട്. കാണാതാകുമ്പോൾ വിലയേറിയ കമ്പിളിയായിരുന്ന കപ്പൽ വഹിച്ചിരുന്നത്.
കപ്പലിലെ ക്യാപ്ടനും ജീവനക്കാരും തമ്മിൽ കലഹം ഉണ്ടായിരിക്കാമെന്നും കപ്പൽ മുക്കി ചരക്കുമായി അവർ ഒളിച്ചോടിയതാകാമെന്നുമായിരുന്നു റെനെ വിശ്വസിച്ചിരുന്നത്. കൂറ്റൻ കപ്പലായിരുന്ന ഗ്രിഫിന് ശാപം ലഭിച്ചതാണെന്നും ചിലർ വിശ്വസിച്ചിരുന്നു. ഏതായാലും ഇപ്പോൾ ലഭിച്ചിരിക്കുന്ന ഗ്രിഫിന്റേതെന്ന് കരുതുന്ന ശേഷിപ്പുകളിൽ നിന്ന് ശക്തമായ കാറ്റാണ് കപ്പലിനെ തകർത്തതെന്ന വാദത്തെയാണ് ശരിവയ്ക്കുന്നത്. തീപിടിത്തം ഉണ്ടായതിന്റെ ലക്ഷണങ്ങളൊന്നും അവശിഷ്ടങ്ങളിലില്ല.
ശേഷിപ്പുകളെ കാർബൺ ഡേറ്റിംഗിന് വിധേയമാക്കിയപ്പോൾ ഏകദേശം 1632നും 1682നും ഇടയിൽ നിർമ്മിക്കപ്പെട്ടതാണെന്ന സൂചനയാണ് നൽകുന്നത്. ഫ്രഞ്ച് ശൈലിയിലുള്ള ഡിസൈനുകളും അവശിഷ്ടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 2001ൽ തന്നെ ഈ കപ്പലിന്റെ ഒരു ഭാഗം സ്റ്റീവ് ലിബേർട്ടിന്റെ സംഘത്തിന് ലഭിച്ചിരുന്നു.
എന്നാൽ മിഷിഗൺ സംസ്ഥാനവുമായി നിലനിന്നിരുന്ന നിയമ നടപടികൾക്ക് ശേഷം 2013ലാണ് തടാകത്തിനടിയിൽ ബാക്കി അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പര്യവേഷണം ആരംഭിക്കാൻ സാധിച്ചത്. അതേ സമയം, തടാകത്തിനടിയിൽ ആഴത്തിലുള്ള ഉൽഖനനം ചെയ്യുന്നതിന് ഇപ്പോഴും ഗവേഷക സംഘത്തിന് നിയന്ത്രണമുണ്ട്.