തിരുവനന്തപുരം: തിരുവനന്തപുരം ലാ കോളേജിലെ സായാഹ്ന എൽഎൽ.ബി കോഴ്സ് അവസാനിപ്പിച്ചു. സായാഹ്ന ബാച്ചുകൾ പാടില്ലെന്ന ബാർ കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്നാണിത്. 2014ൽ തുടങ്ങിയ സായാഹ്ന കോഴ്സ് സ്വാശ്രയ രീതിയിലാണ് നടത്തിയിരുന്നത്. പാർട്ട് ടൈം കോഴ്സ് പാടില്ലെന്ന് നേരത്തേ ബാർ കൗൺസിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ രാത്രി 7ന് ശേഷം ക്ലാസ് പാടില്ലെന്ന കർശന വ്യവസ്ഥ അടുത്തിടെ ഏർപ്പെടുത്തിയതോടെയാണ് കോഴ്സ് നിറുത്തിയത്. മുൻപ് സായാഹ്ന കോഴ്സ് വിജയിച്ചവരെ, നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ അഭിഭാഷകരായി എൻറോൾ ചെയ്യാൻ കൗൺസിൽ അനുവദിച്ചിരുന്നില്ല.
അതേസമയം തലസ്ഥാനത്തെ സ്വാശ്രയ സ്ഥാപനം സായാഹ്ന കോഴ്സ്, കൗൺസിൽ നിബന്ധന വന്നതോടെ അദ്ധ്യയന സമയം പുനഃക്രമീകരിച്ചു. രാവിലെയും വൈകിട്ടുമായി രണ്ട് ഷെഡ്യൂളുകളിലാണ് ക്രമീകരണം. ഇത്തരമൊരു ക്രമീകരണം ഒരുക്കാതെ ലാ കോളേജിലെ കോഴ്സ് അവസാനിപ്പിക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്.